യുകെയില്‍ സിഖ് വയോധികർക്ക് നേരെ ക്രൂരമായ വംശീയ ആക്രമണം

ലണ്ടൻ : യുകെയില്‍ സിഖ് വയോധികർക്ക് നേരെ ക്രൂരമായ ആക്രമണം. വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്തായിരുന്നു സംഭവം. മൂന്ന് കൗമാരക്കാർ ചേർന്ന് രണ്ട് സിഖ് വയോധികരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഓഗസ്റ്റ് 15 വെള്ളിയാഴ്ചയായിരുന്നു സംഭവം. മർദനത്തിന് പിന്നാലെ സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ മൂന്ന് കൗമാരക്കാരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ആക്രമണത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്.
ആക്രമണത്തെ ഭയാനകം എന്നാണ് ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ വിശേഷിപ്പിച്ചത്. വിഷയം ബ്രിട്ടീഷ് സർക്കാരുമായി ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ബാദൽ ആവശ്യപ്പെട്ടു. യുകെയിലെ വോൾവർഹാംപ്ടണിൽ രണ്ട് വൃദ്ധരായ സിഖ് പുരുഷന്മാർക്ക് നേരെയുണ്ടായ ഭീകരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. വംശീയ വിദ്വേഷ കുറ്റകൃത്യം ലക്ഷ്യമിടുന്നത് സിഖ് സമൂഹത്തെയാണെന്നും ദയയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട സിഖ് സമൂഹം ലോകമെമ്പാടും സുരക്ഷയും ബഹുമാനവും അർഹിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിനോടും യുകെ ഹോം ഓഫീസിനോടും വേഗത്തിൽ പ്രവർത്തിക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.