മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തുക്കളുമായി സെന്റ് ജൂലിയൻസിൽ സെനഗൽ പൗരൻ അറസ്റ്റിൽ

മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തുക്കളുമായി സെനഗൽ പൗരൻ അറസ്റ്റിൽ. ഇന്നലെ വൈകുന്നേരം സെന്റ് ജൂലിയൻസിൽ വെച്ചാണ് 28 വയസ്സുള്ള സെനഗൽ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്.
പട്രോളിംഗിനിടെ വൈകുന്നേരം 7 മണിയോടെ ട്രിക്ക് സാൻ ഗോർജിൽ സംശയാസ്പദമായ നിലയിൽ ഇയാളെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. പോലീസ് അയാളെ തടഞ്ഞു, പരിശോധനയിൽ അയാളുടെ പോക്കറ്റിൽ നിന്നും കൊക്കെയ്ൻ എന്ന് കരുതപ്പെടുന്ന വെളുത്ത പദാർത്ഥം അടങ്ങിയ എട്ട് സാഷേകൾ പോലീസ് കണ്ടെത്തി. സാഷേകൾക്ക് പുറമേ, എക്സ്റ്റസി എന്ന് സംശയിക്കുന്ന ഗുളികയും കണ്ടെത്തി.തുടർന്ന് അയാൾ കൈവശം വച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോൾ പണവും കടത്താൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കൂടുതൽ മരുന്നുകളും പോലീസ് കണ്ടെത്തി. ഇവ കൂടാതെ, കഞ്ചാവ് എന്ന് സംശയിക്കുന്ന 50 പാക്കറ്റ് മയക്കുമരുന്നുകളും എക്സ്റ്റസി എന്ന് സംശയിക്കുന്ന 105 ഗുളികകളും ഉണ്ടായിരുന്നു.. പോലീസ് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.