ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് താഴേക്ക് പതിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

നവ്‌സാരി : ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്‌സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ഒരുക്കിയിരുന്ന മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായി താഴേക്ക് പതിക്കുകയായിരുന്നു.
ബിലിമോറ നഗരത്തിലെ ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കായി ഒരുക്കിയ മേളയിലെ സ്പിന്നിങ് റൈഡ് തകരാറിലായാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. 32 സീറ്റുകളുള്ള സ്പിന്നിങ് റൈഡ് തകരാറിലായതിന് പിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് കുട്ടികള്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഓപ്പറേറ്റര്‍ക്കുമാണ് പരിക്കേറ്റത്.
അപകടത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റവരില്‍ നാല് പേരെ ബിലിമോറയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓപ്പറേറ്ററെ സൂറത്തിലെ ഒരു ആശുപത്രിയിലേക്കും മാറ്റി. മേളയില്‍ ഏഴ് റൈഡുകള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.