അന്തർദേശീയം

ഐഎസ് കൊന്നു കുഴിച്ചിട്ടത് നാലായിരത്തോളം ആളുകളെ; ഖഫ്സയിലെ ശവക്കുഴി തുറന്ന് പരിശോധിച്ച് ഇറാഖ്

ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല നടത്തി മൃതദേഹം കുഴച്ചിട്ടെന്ന് കരുതപ്പെടുന്ന പ്രദേശത്ത് കുഴിച്ച് പരിശോധന നടത്തി ഇറാഖ്. വടക്കന്‍ ഇറാഖ് നഗരമായ മൊസ്യൂളിന് സമീപത്തെ ഖഫ്‌സ എന്ന പ്രദേശത്ത് പരിശോധന ആരംഭിച്ചത് ഓഗസ്റ്റ് ഒന്‍പതിനാണ്. പത്ത് വർഷം മുൻപ് നടന്ന കൂട്ടക്കൊലയിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടതായാണ് കരുതുന്നത്.

നിയമസംവിധാനങ്ങൾ, ഫോറന്‍സിക് വിഭാഗം, ഇറാഖിലെ രക്തസാക്ഷികൾക്കായുള്ള ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ഖഫ്‌സയിലെ കുഴിയില്‍ അടക്കിയവരുടെ 70 ശതമാനവും ഇറാഖ് സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഇറാഖിലെ പുരാതന മതന്യൂനപക്ഷമായ യസീദി വിഭാഗക്കാര്‍ എന്നിവരാണെന്നാണ് സൂചന.

പ്രാഥമികമായി മനുഷ്യാവശിഷ്ടങ്ങളും പ്രാഥമിക തെളിവുകളുമാണ് ശേഖരിക്കുന്നത്. ഇതിനുശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കും. 15 ദിവസത്തെ പരിശോധനയ്ക്ക് ശേഷം ശേഖരിച്ച വിവരങ്ങള്‍ക്കനുസൃതമായി ഒരു ഡാറ്റാബേസ് നിര്‍മിക്കും. ഇരകളെന്ന് സംശയിക്കുന്നവരുടെ കുടുംബങ്ങളില്‍നിന്ന് ഡിഎന്‍എ സാംപിള്‍ ശേഖരിക്കും. ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ഡാറ്റാബേസ് ഉണ്ടെങ്കിലെ കൊല്ലപ്പെട്ടവരെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.

നാലായിരത്തോളം ശവശരീരങ്ങള്‍ ഖഫ്‌സയില്‍ അടക്കിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഇവിടത്തെ സള്‍ഫര്‍ കലര്‍ന്ന ഭൂഗര്‍ഭജലം പരിശോധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇറാഖില്‍ ഇതുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവുംകൂടുതൽ പേരെ കുഴിച്ചുമൂടിയ ശവക്കുഴിയായിരിക്കും ഇതെന്നാണ് അധികൃതർ കരുതുന്നത്.

2014-17 വരെയുള്ള കാലയളവില്‍ ഇറാഖിന്റെയും സിറിയയുടെയും ഭൂരിഭാഗംവരുന്ന പ്രദേശങ്ങളും ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു. 2017 ജൂലായിലാണ് ഇറാഖ് സേന ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തുകയും ഇറാഖിലെ വടക്കന്‍ നഗരമായ മൊസ്യൂള്‍ വീണ്ടെടുക്കുകയും ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button