ദേശീയം
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; നാല് മരണം, ആറ് പേർക്ക് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും കനത്ത മഴയിലും മിന്നൽ പ്രളയത്തിലും വ്യാപക നാശനഷ്ടങ്ങൾ. ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വീണ്ടും മേഘവിസ്ഫോടനം ഉണ്ടായി. ഇതിൽ നാല് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കത്വയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം.
ഹിമാചൽ പ്രദേശിലും സ്ഥിതി രൂക്ഷമാണ്. അതിശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്നിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി. മാണ്ഡി ജില്ലയിലെ പനാർസ, തക്കോലി, നാഗ്വെയിൻ എന്നിവിടങ്ങളിലാണ് മിന്നൽ പ്രളയം നാശം വിതച്ചത്. മിന്നൽ പ്രളയത്തിൽ ചണ്ഡിഗഡ്-മണാലി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.