ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചറിയിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താൻ നീക്കം

തിരുവനന്തപുരം: കേരള പൊലീസിലെ ബിജെപി അനുഭാവികൾക്കുമേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നിരീക്ഷണമെന്ന് റിപ്പോർട്ട്. പൊലീസ് സേനയിലെ വിവരങ്ങൾ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ചോർത്തിക്കൊടുക്കുന്നവരെ കണ്ടെത്താനാണ് ഇതെന്നാണ് ഒരു മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നത്. പ്രതിഷേധത്തിനിടെ ബിജെപിക്കാരെ കൈകാര്യം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനെ വിളിച്ചറിയിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനാണ് നീക്കം. ഇയാളെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് രഹസ്യാന്വേഷണ വിഭാഗത്തിന് നൽകിയിരിക്കുന്ന പ്രത്യേക നിർദ്ദേശം. അന്വേഷണം തുടങ്ങിയിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും ഇതുവരെ ആളെ കിട്ടിയിട്ടില്ലത്രേ.
പൊലീസ് സേനയിൽ കോൺഗ്രസ്, സിപിഐഎം അനുഭാവികളാണ് ഏറെ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞകാലങ്ങളിൽ സേനയിലെ ബിജെപി അനുഭാവികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇവരാണ് ശോഭാ സുരേന്ദ്രന് വിവരം നൽകിയതെന്നാണ് സംശയിക്കുന്നത്. തൃശൂരിലെ പ്രസംഗത്തിലാണ്, പ്രതിഷേധത്തിനിടെ ബിജെപിക്കാരെ പൊലീസ് കൈകാര്യം ചെയ്യുമെന്ന് ഒരു ഉദ്യോഗസ്ഥൻ വിളിച്ചറിയിച്ചതായി ശോഭാ സുരേന്ദ്രൻ പറഞ്ഞത്.’ വീട്ടിൽനിന്നിറങ്ങുംമുമ്പ് ഒരു ഫോൺവന്നു. ബിജെപിക്കാരെ കൈകാര്യംചെയ്യാൻ തയ്യാറായി നിൽക്കുകയാണ്. ചെവിയിൽ അസുഖമോ, പനിയോ ഉണ്ടെങ്കിൽ മുന്നിൽ നിൽക്കേണ്ട. വെള്ളം ചീറ്റിക്കും. കേരള പൊലീസിൽ അറുപതുശതമാനംപേരും മോദി ഭക്തരാണ് എന്നായിരുന്നു ശോഭാസുരേന്ദ്രൻ പ്രസംഗത്തിനിടെ പറഞ്ഞത്.
ബിജെപിക്കാർക്ക് വിവരം നൽകിയ പൊലീസുകാരനെ കണ്ടെത്താൻ രഹസ്വാന്വേഷണ വിഭാഗം അന്വേഷണം തുടരുമ്പോൾ തന്നെ മറ്റൊരു പൊലീസുകാരനെ കണ്ടെത്താൻ ബിജെപിയും അന്വേഷണം നടത്തുന്നുണ്ട്. തൃശൂരിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സിറ്റി ജില്ലാപ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്കടിച്ച പൊലീസുകാരെ കണ്ടെത്താനാണ് ഈ അന്വേഷണം. മാസ്കുധരിച്ച പൊലീസുകാരന്റെ ചിത്രങ്ങളടങ്ങിയ പോസ്റ്റർ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ടെങ്കിലും ആളെ ഇതുവരെ കണ്ടുപിടിക്കാൻ ബിജെപിക്ക് ആയിട്ടില്ല.