വാട്ട്സാപ്പ്, ടെലിഗ്രാം വോയ്സ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി റഷ്യ

മോസ്കോ : വാട്ട്സാപ്പ്, ടെലിഗ്രാം മെസേജിംഗ് ആപ്പുകളിലൂടെയുള്ള വോയ്സ് കോളുകൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് റഷ്യ. ഇന്റർനെറ്റിന് മേലുള്ള നിയന്ത്രണം കർശനമാക്കാനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണിത്.
റഷ്യയിലെ വാട്ട്സാപ്പിന്റെ 96 ദശലക്ഷത്തോളം ഉപയോക്താക്കളെയും ടെലിഗ്രാമിന്റെ 89 ദശലക്ഷത്തിലധികം ഉപയോക്താക്കളെയും പുതിയ നിയന്ത്രണം ബാധിക്കുമെന്നും റഷ്യൻ മീഡിയ മോണിറ്ററിംഗ് സർവീസായ മീഡിയസ്കോപ്പ് പറയുന്നു.
വഞ്ചന,പണം തട്ടിയെടുക്കല്‍,അട്ടിമറി,തീവ്രവാദം തുടങ്ങിയവക്ക് ഉപയോഗിക്കുന്ന പ്രധാന വോയ്സ് സേവനങ്ങളായി ടെലിഗ്രാമും വാട്ട്സാപ്പും മാറിക്കഴിഞ്ഞതായി റഷ്യയുടെ മീഡിയ, ഇന്റർനെറ്റ് റെഗുലേറ്ററായ റോസ്കോംനാഡ്സർ പ്രസ്താവനയിലൂടെ അറിയിച്ചു. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് ഈ നടപടി ആവശ്യമാണെന്നും ഇവര്‍ പറയുന്നു. ഈ രണ്ട് പ്ലാറ്റ്ഫോമുകളിലെ വോയ്സ് കോളുകൾ മാത്രമേ നിയന്ത്രിച്ചിട്ടുള്ളൂ എന്നാണ് അധികൃതർ പറഞ്ഞെങ്കിലും വീഡിയോ കോളുകളെയും ഇന്റര്‍നെറ്റ് നിയന്ത്രണം ബാധിച്ചതായി റഷ്യയിലെ ഉപയോക്താക്കളും റിപ്പോർട്ട് ചെയ്തു.
2022-ൽ റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതൽ, ഇന്റർനെറ്റ് നിയന്ത്രണം നടപ്പാക്കി വരികയാണ്. റഷ്യയിൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനോ യുക്രൈന് ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് സുരക്ഷാ സേവനങ്ങൾ പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കങ്ങള്‍ സെര്‍ച്ച് ചെയ്യുന്ന ഉപയോക്താക്കളെ ശിക്ഷിക്കുന്ന നിയമം റഷ്യൻ സർക്കാർ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. സന്ദേശങ്ങളയക്കാനായി ‘മാക്സ്’ എന്ന ആഭ്യന്തര റഷ്യൻ ആപ്പ് ഉപയോഗിക്കാനുള്ള നിര്‍ദേശവും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.എന്നാല്‍ ഈ പ്ലാറ്റ്ഫോമിലെ ഉള്ളടക്കങ്ങള്‍ അധികാരികള്‍ക്ക് ലഭ്യമാകുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
അതേസമയം,റഷ്യയുടെ ആരോപണങ്ങളെ വാട്ട്സാപ്പും ടെലിഗ്രാമും നിഷേധിച്ചിട്ടുണ്ട്. ആശയവിനിമയം സുരക്ഷിതമാക്കാനുള്ള അവകാശത്തെ ലംഘിക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് 100 ദശലക്ഷത്തിലധികം റഷ്യൻ ആളുകളിൽ നിന്ന് റഷ്യ ഇത് തടയാൻ ശ്രമിക്കുന്നതെന്നും വാട്ട്സാപ്പ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.ദശലക്ഷക്കണക്കിന് ദോഷകരമായ ഉള്ളടക്കങ്ങൾ എല്ലാ ദിവസവും നീക്കം ചെയ്യുന്നുണ്ടെന്നും പ്ലാറ്റ്ഫോമിന്റെ ദുരുപയോഗത്തിനെതിരെ സജീവമായി പോരാടുകയും ചെയ്യുന്നുണ്ടെന്ന് ടെലിഗ്രാം AFP വാർത്താ ഏജൻസിക്ക് അയച്ച പ്രസ്താവനയിൽ അറിയിച്ചു.