ദേശീയം

പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി; ഡിആര്‍ഡിഒ താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റിൽ

ജയ്പൂർ : രാജസ്ഥാനിലെ ജയ്സാൽമറിൽ പാക്കിസ്ഥാനു വേണ്ടി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) താല്‍ക്കാലിക ജീവനക്കാരന്‍ പിടിയില്‍. ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് (32) ആണ് പിടിയിലായത്. രാജസ്ഥാന്‍ പോലീസിന്‍റെ സിഐഡി(സെക്യൂരിറ്റി) ഇന്‍റലിജന്‍സ് ആണ് തെളിവുകളോടെ ചാരവൃത്തി കണ്ടെത്തിയത്.

വിവിധ മിസൈലുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളുടെ പരീക്ഷണം നടക്കുന്നയിടമാണ് ജയ്‌സാല്‍മേറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച്. ഇയാൾ സോഷ്യൽ മീഡിയ വഴി പാക്കിസ്ഥാൻ ഇന്‍റലിജൻസ് കൈകാര്യം ചെയ്യുന്നയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും മിസൈൽ, ആയുധ പരീക്ഷണങ്ങൾക്കായി ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ച് സന്ദർശിക്കുന്ന ഡിആർഡിഒ ശാസ്ത്രജ്ഞരുടെയും ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെയും പേരും യാത്രയുടെ വിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന് പൊലീസ് വിശദീകരിച്ചു.

ഇതിനുപുറമേ ചന്ദന്‍ ഫയറിങ് റേഞ്ചില്‍ മിസൈല്‍ പരീക്ഷണത്തിന് ഉള്‍പ്പെടെ എത്തിച്ചേരുന്ന സൈനികഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും പ്രതി കൈമാറിയിരുന്നു.

ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ് മഹേന്ദ്ര പ്രസാദ്. തെളിവുകളുടെ അടിസ്ഥാനത്തിൽ, ചാരവൃത്തി ആരോപിച്ച് സിഐഡി ഇന്‍റലിജൻസ് മഹേന്ദ്ര പ്രസാദിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു. കൂടുതല്‍ പരിശോധനയ്ക്കായി മഹേന്ദ്ര പ്രസാദിന്‍റെ മൊബൈല്‍ കണ്ടുകെട്ടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരോടും, പ്രത്യേകിച്ച് സെൻസിറ്റീവ് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നവരോട്, ജാഗ്രത പാലിക്കാനും സംശയാസ്പദമായ സമീപനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാനും പൊലീസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button