ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; കനേഡിയന്‍ പൗരന്‍ അറസ്റ്റില്‍

ലണ്ടന്‍ : പീറ്റര്‍ബറോയില്‍ ഇന്ത്യന്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച 18 വയസുള്ള കനേഡിയന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പീറ്റര്‍ബറോ പൊലീസാണ് യുവാവിനെ പിടികൂടിയത്. ഒരു കൂട്ടം കനേഡിയന്‍ യുവാക്കള്‍ വംശീയ അധിക്ഷേപം നടത്തുന്ന വിഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
വിഡിയോയില്‍ ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും യുവാക്കള്‍ കടുത്ത ഭാഷയില്‍ ഭീഷണിപ്പെടുത്തുന്നതും കാണം. പിക്കപ്പ് ട്രക്കിനുള്ളിലുള്ള മൂന്ന് യുവാക്കള്‍ തങ്ങളെ അധിക്ഷേപിക്കുന്നത് ദമ്പതികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് പീറ്റര്‍ബറോ പോലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.
”ഈ കേസില്‍ വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാകും, ആ തരത്തിലുള്ള പെരുമാറ്റം ഞങ്ങളുടെ സമൂഹത്തില്‍ മാത്രമല്ല മറ്റ് എവിടെയും സ്വീകാര്യമല്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കിയ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.
ഞങ്ങളുടെ നഗരത്തില്‍ സ്വീകാര്യമായ പെരുമാറ്റമല്ല ഇത്. സമൂഹത്തില്‍ നടക്കുന്ന വിദ്വേഷവും പക്ഷപാതപരമായ സംഭവങ്ങള്‍/കുറ്റകൃത്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരണം.
ഇവിടെ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അല്ലെങ്കില്‍ സന്ദര്‍ശിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ പീറ്റര്‍ബറോ പോലീസ് സര്‍വീസ് ചീഫ് സ്റ്റുവര്‍ട്ട് ബെറ്റ്‌സ് പറഞ്ഞു.