ആരോഗ്യമന്ത്രി ഏറ്റവും വേണ്ടപ്പെട്ടയാൾ, തന്റെ ഓഫീസ് മുറിയിൽ ആർക്കുവേണമെങ്കിലും കയറാമെന്ന് ഡോക്ടർ ഹാരിസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണത്തിൽ അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ. കൂടുതൽ വിവാദങ്ങൾക്കില്ലെന്ന നിലപാടിലാണ് ഡോക്ടർ. ആരോഗ്യമന്ത്രി വീണാ ജോർജ് ഏറ്റവും വേണ്ടപ്പെട്ടയാളാണെന്നും അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘സംസ്ഥാന സർക്കാർ എന്നും കൂടെനിന്നിട്ടുണ്ട്. ആരോഗ്യമന്ത്രി ഏറ്റവും വേണ്ടപ്പെട്ടയാളാണ്. ഉപകരണം കാണാനില്ലെന്ന പരാതി ആരോ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാനാണ് സാദ്ധ്യത. ആ വിഷയത്തിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കും. ബില്ലുകളും ഉപകരണങ്ങളും തിരിച്ചറിയാതെ പോയതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. അങ്ങനെയൊക്കെ സംഭവിക്കാം.
ഞാൻ ഉന്നയിച്ച പരാതികൾ സർക്കാർ തലത്തിൽ എത്തിയിരുന്നില്ലെന്നാണ് മനസിലാക്കുന്നത്. ഇപ്പോൾ എത്തേണ്ടയിടങ്ങളിലേക്ക് എത്തിയപ്പോൾ അവർ ഓരോ പ്രശ്നങ്ങളായി പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ എന്റെ ഓഫീസ് റൂമിൽ ആർക്ക് വേണമെങ്കിലും കയറാം. അതിൽ അസ്വാഭാവികതയില്ല. ‘ – ഡോ. ഹാരിസ് പറഞ്ഞു. അഞ്ച് ദിവസത്തെ അവധി കഴിഞ്ഞ ശേഷം ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് മുമ്പായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.