കാനഡയിലെ ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം: ഒരാൾ അറസ്റ്റിൽ

ഒട്ടാവ : കാനഡയിലെ ഒന്റാറിയോയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ജെർഡൈൻ ഫോസ്റ്റർ (32) എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ കൊലപാതക(ഫസ്റ്റ് ഡിഗ്രി) കുറ്റം ചുമത്തി. ഇന്ത്യൻ വിദ്യാർഥി ഹർസിമ്രത് രൺധാവ(21) കൊല്ലപ്പെട്ട കേസിലാണ് ഫോസ്റ്റർ പിടിയിലായിരിക്കുന്നത്. ഇയാൾക്കെതിരെ മൂന്ന് കൊലപാതകശ്രമ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ടെന്ന് ആക്ടിംഗ് ഡിറ്റക്ടീവ്-സർജന്റ് ഡാരിൽ റീഡ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏപ്രിൽ 17നാണ് ഹർസിമ്രതിന് വെടിയേറ്റത്. ജിമ്മിൽ നിന്നും മടങ്ങുന്നതിനിടെ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോൾ കാറിലെത്തിയവർ വെടിയുതിർക്കുകയായിരുന്നു. ഹാമിൽട്ടണിലെ അപ്പർ ജെയിംസ്, സൗത്ത് ബെൻഡ് റോഡിന് സമീപമായിരുന്നു ആക്രമണം. രണ്ട് കാറുകളിലായാണ് അക്രമിസംഘങ്ങൾ എത്തിയത് എന്നാണ് വിവരം. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് ഹർസിമ്രത്തിനെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്റാറിയോയിലെ ഹാമിൽട്ടണിലുള്ള മൊഹാക്ക് കോളേജിലെ വിദ്യാർഥിയായിരുന്നു ഹർസിമ്രത് രൺധാവ.
ഹാമിൽട്ടൺ, ഹാൽട്ടൺ, നയാഗ്ര മേഖലകളുമായി ബന്ധമുള്ളയാളാണ് ഫോസ്റ്റർ. പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെക്കുറിച്ച് അധികാരികൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഒന്നിലധികം തോക്കുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും കണ്ടെത്തി നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.