ഛത്തീസ്ഗഢ് സംഭവത്തിനു പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ബജ്റംഗ്ദൾ ആക്രമണം

ഭുവനേശ്വർ : ഛത്തീസ്ഗഢ് സംഭവത്തിനു പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണം. ജലേശ്വറിൽ മതപരിവർത്തനം ആരോപിച്ച് 70 ഓളം വരുന്ന ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവരിൽ രണ്ട് മലയാളി വൈദികരും കന്യാസ്ത്രീകളുമുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിബിസിഐ രംഗത്തെത്തി.
ഗംഗാധർ ഗ്രാമത്തിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ബാലസോർ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേൽ, ഫാ. വി ജോജോ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
വൈദികരെ സംഘം മർദ്ദിച്ചതായും മൊബൈൽ ഫോൺ തട്ടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്. ഒരു ക്രിസ്ത്യൻ മത വിശ്വാസിയുടെ വീട്ടിൽ മരണാനന്തര പ്രാർഥനയ്ക്കായി എത്തി മടങ്ങുമ്പോഴാണ് കന്യാസ്ത്രീ, വൈദിക സംഘത്തിനു നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. മുക്കാൽ മണിക്കൂറിനു ശേഷം പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കേസുമായി മുന്നോട്ടു പോകാനാണ് വൈദിക സംഘത്തിന്റെ തീരുമാനം.