അന്തർദേശീയം

മുൻ പ്രസിഡന്റ് ബോൾസോനാരോയെ വീട്ടുതടങ്കലിലാക്കാൻ ബ്രസീൽ സുപ്രിം കോടതി ഉത്തരവ്

ബ്രസീലിയ : 2022 ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വിചാരണ നേരിടുന്ന മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രിം കോടതി ഉത്തരവിട്ടു. ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര യുദ്ധം നേരിടുന്നതിനാൽ ദക്ഷിണ അമേരിക്കൻ രാജ്യത്തെ പിടിച്ചുലച്ച കേസാണിത്. ബോൾസോനാരോക്കെതിരെയുള്ള നടപടി ക്രമങ്ങളെ യുഎസ് പ്രസിഡന്റ് ട്രംപ് ‘മന്ത്രവാദ വേട്ട’ എന്നാണ് വിശേഷിപ്പിച്ചത്. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിക്കൊണ്ട് ട്രംപിന്റെ സഖ്യകക്ഷി കൂടിയായിരുന്ന ബോൾസോനാരോയുടെ വിഷയത്തിൽ ഇടപെടുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി നടപടി ശ്രദ്ധേയമാകുന്നത്.

ബ്രസീലിന്റെ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെയും സുപ്രിം കോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസിനെയും വധിക്കാനുള്ള പദ്ധതികൾ ഉൾപ്പെടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പദ്ധതിയിട്ട ഒരു ക്രിമിനൽ സംഘടനയെ ബോൾസോനാരോ നയിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. കഴിഞ്ഞ മാസം ബോൾസോനാരോക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇലക്ട്രോണിക് ആങ്കിൾ മോണിറ്റർ ധരിക്കാൻ ഉത്തരവിടുകയും ചെയ്ത നടപടികൾക്ക് ശേഷമാണ് തിങ്കളാഴ്ചത്തെ വീട്ടുതടങ്കൽ ഉത്തരവ്.

തീവ്ര വലതുപക്ഷ നേതാവായ ബോൾസനാരോ തന്റെ നിയമസഭാംഗങ്ങളായ മക്കളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തുകൊണ്ട് തന്റെ മേൽ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പുറപ്പെടുവിച്ചത്. 2019 നും 2022 നും ഇടയിൽ ബ്രസീൽ ഭരിച്ച ബോൾസോനാരോ സുപ്രിം കോടതിക്കെതിരായ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതും ബ്രസീലിയൻ ജുഡീഷ്യറിയിലെ വിദേശ ഇടപെടലിനെ പിന്തുണക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നും കോടതി കൂട്ടിച്ചേർത്തു.

2023 ജനുവരി 8 ന് തലസ്ഥാനമായ ബ്രസീലിയയിലെ സർക്കാർ കെട്ടിടങ്ങൾ തകർത്തതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിചാരണ നേരിടുന്ന ബോൾസോനാരോയ്ക്കും മറ്റ് നൂറുകണക്കിന് അനുയായികൾക്കും മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ബോൾസോനാരോ അനുകൂലികൾ ഞായറാഴ്ച സാവോ പോളോ, റിയോ ഡി ജനീറോ നഗരങ്ങളിൽ തെരുവിലിറങ്ങി. എന്നാൽ സുപ്രിം കോടതിയുടെ ഏറ്റവും പുതിയ തീരുമാനം ബോൾസനാരോയെ നിരീക്ഷണത്തിലാക്കുകയും കുടുംബാംഗങ്ങളെയും അഭിഭാഷകരെയും മാത്രം സന്ദർശിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ്. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് എല്ലാ മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button