നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു

തിരുവനന്തപുരം : നടനും മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 11.50ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നായക, വില്ലൻവേഷങ്ങളിൽ തിളങ്ങിയ ഷാനവാസ്, മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്.
മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. 2011ൽ ചൈനാ ടൗൺ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നടൻ പ്രേംനസീറിന്റെയും ഭാര്യ ഹബീബ ബീവിയുടെയും മകനായി തിരുവനന്തപുരത്തായിരുന്നു ഷാനവാസ് ജനിച്ചത്. ചെന്നൈ ന്യൂ കോളജിൽനിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. ഷാനവാസിന്റെ സംസ്കാരം ഇന്നു വൈകീട്ട് 5ന് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.