അന്തർദേശീയം

ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതം തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു

ജക്കാർത്ത : ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി തുടർച്ചയായ രണ്ടാം ദിവസവും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ദൂരമാണ് പൊട്ടിത്തെറിക്ക് പിന്നാലെ ചാരത്തിലും പുകയിലും മൂടിയത്. സമീപ മേഖലയിലെ ഗ്രാമങ്ങളും അഗ്നി പർവ്വത സ്ഫോടനാവശിഷ്ടങ്ങൾ എത്തി. എന്നാൽ പൊട്ടിത്തെറിയിൽ ആളപായമില്ലെന്നാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ വെള്ളിയാഴ്ചയും ഇരട്ട അഗ്നി പർവ്വതങ്ങളിലൊന്നായ ലെവോടോബി ലക്കി ലാക്കി പൊട്ടിത്തെറിച്ചിരുന്നു. ഇതിൽ 10 കിലോമീറ്ററോളം ദൂരത്തിലാണ് ചാരം മൂടിയത്. മണിക്കൂറുകളുടെ ഇടവേളകളിലാണ് രണ്ട് പൊട്ടിത്തെറികളും. അഞ്ച് കീലോമീറ്ററോളം ദൂരത്തിലാണ് ലാവ ഒഴുകി പരന്നത്. അഗ്നി പർവ്വത മുഖത്ത് നിന്ന് ചൂടേറിയ കല്ലുകളും മറ്റം 8 കിലോമീറ്ററോളം ദൂരത്തായി എത്തിയിട്ടുണ്ട്. വലിയ രീതിയിലുള്ള മഴയുടെ ആശങ്ക മേഖലയിൽ ഉളളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ പ്രദേശവാസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 2010ന് ശേഷം ഇന്തോനേഷ്യയിൽ ഉണ്ടാവുന്ന ഏറ്റവും ശക്തമായ അഗ്നി പർവ്വത പൊട്ടിത്തെറിയാണ് ശനിയാഴ്ച സംഭവിച്ചത്. 2010 ജാവ ദ്വീപിൽ മെരാപി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 350 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾക്കാണ് ഈ പൊട്ടിത്തെറിയിൽ കിടപ്പാടം നഷ്ടമായത്.

5197 അടി ഉയരമുള്ള ലെവോടോബി ലക്കി ലാക്കി ഫ്ലോറെസ് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനം ബാധിച്ചേക്കാൻ സാധ്യതയുള്ള ആയിരക്കണക്കിന് ആളുകളെ സർക്കാർ താൽക്കാലികമായി മാറ്റിപ്പാ‍ർപ്പിച്ചിട്ടുണ്ട്. 120 സജീവ അഗ്നി പർവ്വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്. സമാനമായ മറ്റൊരു സംഭവത്തിൽ 500 വർഷത്തിനിടെ റഷ്യയിലെ കംചത്ക്ക ഉപദ്വീപിലെ ക്രാഷെനിന്നിക്കോവ് അഗ്നിപർവ്വതവും പൊട്ടിത്തെറിച്ചിരുന്നു. ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് ഈ പൊട്ടിത്തെറിയെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button