ബസ്സുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി : കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന് മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടം ഉണ്ടായത്.
ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുമ്പോഴായിരുന്നു അപകടം. ആലുവയിലേക്ക് പോയ ബിസ്മില്ല എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ അബ്ദുള്‍ സലാം സഞ്ചരിച്ച ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. ബസ് ഇടിച്ചുതെറിച്ചുവീണ സലാമിന്റെ ദേഹത്തൂകൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്തുവെച്ചുതന്നെ അബ്ദുള്‍ സലാം മരിച്ചു. അപകടമുണ്ടായെന്ന് കണ്ടയുടന്‍ തന്നെ പിന്നാലെയുണ്ടായിരുന്ന ബസ് വഴി മാറി മറ്റൊരു റൂട്ടിലേക്ക് പോയി. അപകടം നടന്നത് വണ്‍വേ ട്രാഫിക് മാത്രമുള്ള റോഡിലാണ്.