സ്ലീമയിലെ പൂച്ചക്കുരുതി : 31കാരനായ ജപ്പാൻ പൗരൻ അറസ്റ്റിൽ

സ്ലീമയിൽ പൂച്ചകളെ മൃഗീയമായി കൊന്നൊടുക്കിയ കേസിൽ 31കാരൻ അറസ്റ്റിൽ. ആഴ്ചകൾക്ക് മുൻപാണ്
സ്ലീമ പ്രദേശം കേന്ദ്രീകരിച്ച് പൂച്ചകളെ കൊന്നൊടുക്കിയ സംഭവം പൊതുജനശ്രദ്ധയിൽ വന്നത്. സ്ലീമയിലെ ട്രിക് മാനുവൽ ഡിമെക്കിൽ നിരവധി ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് പുലർച്ചെ 3 മണിയോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിനിടെ ശേഖരിച്ച വിവരങ്ങളുടെയും സുരക്ഷാ ക്യാമറ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്അറസ്റ്റ്.
ജാപ്പനീസ് പൗരനായ ആളെ തടഞ്ഞുനിർത്തി പോലീസ് പരിശോധന നടത്തിയപ്പോൾ പൂച്ചകളെ കൊല്ലാൻ ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ലാറ്റക്സ് കയ്യുറകളും നിരവധി പാക്കറ്റ് പൂച്ച ഭക്ഷണവും കണ്ടെത്തി. കേസിലെ പ്രധാന തെളിവാണിതെന്ന് കരുതപ്പെടുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ തുടർന്നുള്ള പരിശോധനയിൽ, വിവിധ സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി ധരിച്ചിരുന്ന വസ്ത്രങ്ങളുമായി പൊരുത്തപ്പെടുന്ന വസ്ത്രങ്ങൾ പിടിച്ചെടുത്തു. ഫ്ലോറിയാനയിലെ പോലീസ് ലോക്കപ്പിലാണ് നിലവിൽ പ്രതി. വ്യാപകമായ പൊതുജന രോഷത്തിനും ആശങ്കയ്ക്കും കാരണമായ ഒന്നാണ് ഈ കേസ്. മൃഗക്ഷേമ പ്രവർത്തകർ പ്രതിയെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു.