യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും

ന്യൂയോർക്ക് : യുഎസിന്റെ കിഴക്കൻ മേഖലയിൽ മഴയും കാറ്റും ശക്തമായി. വ്യാഴാഴ്ച കിഴക്കൻ തീരത്ത് ശക്തമായ കാറ്റ് അനുഭവപ്പെട്ടതിനെത്തുടർന്ന് മേഖലയിലുടനീളം വിമാന സർവീസുകൾ വൈകി. ഫിലാഡൽഫിയ മുതൽ ന്യൂയോർക്ക് നഗരം വരെയുള്ള തിരക്കേറിയ ഹൈവേകളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ കുടുങ്ങി.
വെള്ളപ്പൊക്കത്തിൽ പ്രധാന റോഡുകളുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചു. മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള ട്രെയിൻ സ്റ്റേഷനുകൾ വെള്ളത്തിനടിയിലായി. മാൻഹാട്ടനിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിൽ ഒരു പ്ലാറ്റ്ഫോമിൽ ട്രെയിനിന് മുകളിലൂടെ വെള്ളം ഒഴുകുന്നതിന്റെ വീഡിയോ യാത്രക്കാർ പകർത്തി. ലോംഗ് ഐലൻഡിലേക്കും ന്യൂജേഴ്സിയിലേക്കുമുള്ള കമ്മ്യൂട്ടർ റെയിൽ ലൈനുകൾ ട്രാക്കുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതം നിർത്തിവച്ചു.
വൈദ്യുതി ലൈനുകളും തകരാറിലായി. ശക്തമായ മഴയെത്തുടർന്ന് ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ഫിലാഡൽഫിയയ്ക്കും വിൽമിംഗ്ടണിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ വ്യാഴാഴ്ച വൈകുന്നേരം നിർത്തിവച്ചതായി ആംട്രാക്ക് അധികൃതർ അറിയിച്ചു. ക്വീൻസിലെ ഒരു ഹൈവേയിൽ റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഹനങ്ങൾ കുടുങ്ങിയതും യാത്രക്കാർ വാഹനങ്ങൾക്ക് മുകളിൽ കയറി നിൽക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പെൻസിൽവാനിയയിൽ, ഒരു മണിക്കൂറിനുള്ളിൽ 3 ഇഞ്ച് വരെ മഴ പെയ്യുമെന്ന ദേശീയ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
മേരിലാൻഡിൽ, ബാൾട്ടിമോറിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വാഹനങ്ങളിൽ നിന്ന് ദ്രുത പ്രതികരണ സേന ആളുകളെ രക്ഷപ്പെടുത്തി.