ന്യൂനമർദ്ദം; അടുത്ത അഞ്ച് ദിവസം മഴ കനക്കും

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് അതിശക്തമായ മഴയ്ക്കും ജൂലൈ 27 മുതൽ 30 വരെ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കു പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും ജുലൈ 28 മുതൽ 30 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ള മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ പലയിടത്തും വ്യാപകമഴയും കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. നദകളിൽ ജലനിരപ്പ് ഉയർന്നു. വിവിധ നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നദീതീരങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയാറാവണം.