‘ആരെയും ദ്രോഹിച്ചുകൊണ്ട് പദ്ധതി നടപ്പാക്കില്ല’, ഈ കല്ലിടല്‍ ഭൂമി ഏറ്റെടുക്കാനല്ല; വിശദീകരിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുഭാവ പൂര്‍ണമായ നിലപാടാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയെക്കുറിച്ച് അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടത്. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുമായി സംസാരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി നടന്ന ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണ്. പ്രതികരണങ്ങള്‍ ആരോഗ്യപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്ബോള്‍ കേരളത്തില്‍ യാത്രാവേഗം കുറവാണ്. കേരളത്തിലെ റോഡ് ഗതാഗതത്തിന് മറ്റു സംസ്ഥാനങ്ങളേക്കാള്‍ 40 ശതമാനം വേഗക്കുറവുണ്ട്, റെയില്‍വേയില്‍ ഇത് 30 ശതമാനമാണ്. കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും യാത്രാവേഗം കൂടണമെന്ന അഭിപ്രായമാണ് ഉള്ളത്.
വേഗവും സുരക്ഷയും ഉറപ്പാക്കുന്ന ഗതാഗത സംവിധാനമാണ് കേരളത്തിനു വേണ്ടത്. അത് പരിസ്ഥിതി സൗഹൃദവുമാവണം. സില്‍വര്‍ലൈന്‍ സുരക്ഷിതവും വേഗതയും ഉറപ്പാക്കുന്ന യാത്രാ സംവിധാനമാണ്. തിരുവനന്തപുരം-കാസര്‍ക്കോട് യാത്രാ സമയം നാലു മണിക്കൂറായി ഇതിലൂടെ കുറയും.
നടക്കില്ലെന്നു കരുതിയിരുന്ന പല പദ്ധതികളും യാഥാര്‍ഥ്യമായിട്ടുണ്ട്. ദേശീയപാതാ വികസനത്തില്‍ സ്ഥലമേറ്റെടുപ്പ് നീണ്ടുപോയത് വലിയ ബാധ്യതയുണ്ടാക്കി. സമയത്ത് കാര്യങ്ങള്‍ നടക്കാതിരുന്നതിന്റെ ഫലമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.