ലോകപ്രശസ്ത പോപ്പ് ഗായിക കോണി ഫ്രാൻസിസ് അന്തരിച്ചു

ലോസ് ആഞ്ചലസ് : അൻപതുകളിലും അറുപതുകളിലും ലോകത്ത് തരംഗം സഷ്ടിക്കുകയും പിന്നീട് ജീവിത ദുരന്തങ്ങളിൽപെട്ട് മാനസികവിഭ്രാന്തിയിൽവരെ എത്തുകയും ചെയ്ത അമേരിക്കൻ പോപ് ഗായികയും ചലച്ചിത്രതാരവുമായ കോണി ഫ്രാൻസിസ് നിര്യാതയായി.
കൺസെറ്റോ റോസ മരിയ ഫ്രാങ്കോനീറോ എന്നാണ് യഥാർത്ഥ പേര്. ബീറ്റിൽസിന് മുമ്പ് ലോകത്തെ ഏറ്റവും പ്രശസ്‍തയായ ഗായികയായിരുന്നു കോണി ഫ്രാൻസിസ്. അന്നത്തെ യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച ഗാനങ്ങളായിരുന്നു ലോകത്തെ മിക്ക രാജ്യങ്ങളിലും അവരെ പ്രശസ്തയാക്കിയത്. ടോപ് 20 ൽ എത്തിയ അനേകം ഗാനങ്ങളായിരുന്നു അവർക്കുണ്ടായിരുന്നത്. ഹൂ ഈസ് സോറി നൗ, ഡോൺട് ബ്രേക് ദ ഹാർട്ട് ദാറ്റ് ലവ്സ് യു, ദ ഹാർട്ട് ഹാസ് എ മൈന്റ് ഓഫ് ഇറ്റ്സ് ഓൺ തുടങ്ങിയ ഗാനങ്ങൾ എല്ലാക്കാലത്തും ഓർക്കപ്പെടുന്നവയാണ്. നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഗായിക എൺപത്തിയേഴാം വയസിലാണ് വിടവാങ്ങുന്നത്.
1937 ഡിസംബർ 12ന് നെവാക്കിൽ ജനിച്ച കോണി എം.ജെ.എം റെക്കോഡ്സിനുവേണ്ടി ആദ്യ ആൽബത്തിന്റെ കോൺട്രാക്ട് ഒപ്പിടുമ്പോൾ പ്രായം വെറും പതിനേഴേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് നിരിവധി ടി.വി ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ആദ്യ ആൽബങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ‘ഹൂ ഈസ് സോറി നൗ’ എന്ന ടെഡ് സ്നൈഡറുടെ നാടൻപാട്ട് തന്റേതായ വേർഷനിൽ പാടിയതോടെ ശ്രദ്ധേയയായി. തുടർന്ന് ഇത്തരത്തിലുള്ള നിരവധി ഗാനങ്ങൾ പുറത്തിറക്കി. സ്റ്റുപിഡ് കുപിഡ്, എവരിബഡീസ് സംബഡീസ് ഫൂൾ, ലിപ്സറ്റിക് ഓൺ യുവർ കോളർ തുടങ്ങിയ ഗാനങ്ങൾ പാടിയതോടെ അവരുടെ പ്രശസ്തി അതിവേഗം ലോകമെങ്ങുമെത്തി.
അവരുടെ തന്നെ ഗാനങ്ങളുടെ ഇറ്റാലിയൻ, സ്പാനിഷ് പതിപ്പുകൾ പാടി പുറത്തിറക്കിയതോടെ ലോകമെങ്ങും അംഗീകരിക്കുന്ന ഗായികയായി മാറി ഫ്രാൻസിസ്. എന്നാൽ പെട്ടെന്നായിരുന്നു കോണി ഫ്രാൻസിസിന്റെ ജീവിതം ഒരു ദുരന്തകഥപോലെ മാറിമറിഞ്ഞത്. അവരുടെ പാട്ടെഴുത്തു സഹായിയായിരുന്ന ബോബി ഡാറിനുമായി പ്രണയത്തിലായത് പിതാവ് എതിർത്തു. വിവാഹം തീരുമാനിച്ചതോടെ പിതാവ് ഒരു റിഹേഴ്സൽ ക്യാമ്പിലെത്തി ബോബിക്കുനേരെ നിറയൊഴിച്ചു. ഇതോടെ മാനസികമായി തകർന്ന ഗായിക പിന്നീട് ചലച്ചിത്ര നടിയായി. 1960 കളോടെ സജീവ ഗാനരംഗത്തുനിന്ന് വിടവാങ്ങിയ അവർ ചില കൺസേർട്ടുകളിൽ മാത്രമായി ഒതുങ്ങിയെങ്കിലും പ്രശസ്തി നിലനിന്നു. എന്നാൽ അവരുടെ ജീവതം പിന്നീട് തകർച്ചകളിലായിരുന്നു.
1974 ൽ ഒരു ഹോട്ടൽ മുറിയിൽ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യപ്പെട്ടെങ്കിലും പ്രതിയെ പിടികൂടാനായില്ല. തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പാരജയപ്പെട്ട ഹോട്ടലിനെതിരെ കേസ് ഫയൽ ചെയ്ത് അവർ രണ്ടരക്കോടി ഡോളറിന്റെ നഷ്ടപരിഹാരം നേടി. എങ്കിലും ഇതോടെ ജീവിതം തകർന്ന കോണി ഫ്രാൻസിസ് വിഷാദരോഗത്തിനടിമയായി. 1981ൽ സഹോദരൻ വെടിയേറ്റു മരിച്ചു. നാലു വിവാഹം കഴിച്ച കോണിയുടെ വിവാഹ ജീവിതവും പരാജയമായി. ഒടുവിൽ അവർ മാനസികരോഗാശുപത്രിയിലായി. ഒരിക്കൽ ആത്മഹത്യക്കും ശ്രിച്ചു.
അക്കോഡിയൻ വായിക്കുമായിരുന്ന പിതാവ് ജോർജ് ഫ്രാങ്കോനീറോയാണ് പാട്ടു പഠിപ്പിച്ച് കുട്ടിക്കാലം മുതൽ വേദികളിലെത്തിച്ചത്. അദ്ദേഹം തന്റെ ജീവിതത്തിൽ അമിതമായി ഇടപെട്ടതായി ആത്മകഥയിൽ അവർ എഴുതിയിട്ടുണ്ട്.