ന്യൂജഴ്സിയിൽ ശക്തമായ കാറ്റും മഴയും; രണ്ട് മരണം

ന്യൂയോർക്ക് : ന്യൂജഴ്സിയിൽ ശക്തമായ കാറ്റും മഴയും മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു പേർ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെട്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. റോഡുകളിൽ അതിവേഗം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വാഹനങ്ങളിൽ കുടുങ്ങിയ 21 ആളുകളെ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാത്രി മുതൽ പെയ്യുന്ന മഴ മൂലം പലയിടത്തും വാഹനങ്ങൾ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ തെരുവുകളും സബ്വേ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. മണിക്കൂറില്‍ 5 സെ.മി. മഴയാണ് പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎസിലുടനീളം 200 പ്രദേശങ്ങളിൽ വെള്ളപൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് വെള്ളപൊക്കം രൂക്ഷമായത്. ടെക്സസിലെ മിന്നൽ പ്രളയമുണ്ടായതിനു ഏതാനും ദിവസങ്ങൾക്കു ശേഷമാണ് പലയിടങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായിരിക്കുന്നത്.