വെസ്റ്റ് ബാങ്കിൽ അമേരിക്കൻ പൗരനെ ഇസ്രായേൽ കുടിയേറ്റക്കാർ അടിച്ചുകൊന്നതായി റിപ്പോർട്ട്

ജെറുസലേം : അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ കുടിയേറ്റക്കാർ ചേർന്ന് അമേരിക്കൻ പൗരനെ മർദിച്ച് കൊലപ്പെടുത്തിയതായി കുടുംബാംഗങ്ങൾ ആരോപിച്ചു. വെള്ളിയാഴ്ച റാമല്ലയിലെ സിൻജിൽ നഗരത്തിൽ വെച്ച് അമേരിക്കൻ പൗരനായ സൈഫ് അൽ ദിൻ മുസ്ലാത്തിനെ കുടിയേറ്റക്കാർ ആക്രമിച്ച് കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിൽ വെച്ച് അമേരിക്കക്കാരനെ ഇസ്രായേലി കുടിയേറ്റക്കാർ കൊലപ്പെടുത്തിയ കാര്യം അറിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വാക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ കൂടുതൽ പ്രതികരണത്തിന് വാക്താവ് തയാറായിട്ടില്ല. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കുന്നുവെന്നാണ് ഇതിന് ന്ൽകിയ വിശദീകരണം.
കുടുംബത്തെ സന്ദർശിക്കുന്നതിനായാണ് മുസ്ലാത്ത് വെസ്റ്റ് ബാങ്കിലെത്തിയത്. ആക്രമണത്തിനിടയിൽ മുസ്ലാത്തിനെ കൂടാതെ ഒരു ഫലസ്തീനിയും കൊല്ലപ്പെട്ടതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. മുഹമ്മദ് ഷലാബിയാണ് ആക്രമികളുടെ വെടിയേറ്റ് മരിച്ചത്.
ഫലസ്തീനികളുടെ വീടിനും നഗരങ്ങൾക്കും നേരെ നിരന്തര ആക്രമണങ്ങൾ ഇസ്രായേൽ കുടിയേറ്റക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. വീടുകൾക്ക് തീയിടുക, വാഹനങ്ങൾ കത്തിക്കുക, കൊള്ളയടിക്കുക തുടങ്ങിയ ആക്രമണങ്ങൾ പതിവാണ്. എന്നാൽ ഇതിൽ കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇസ്രായേൽ സേനയുടേതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ഇതിനെതിരെ പ്രതികരിച്ച ഫലസ്തീനികൾക്ക് നേരെ വെടിയുതിർത്തതായും സംഘടനകൾ പറയുന്നു.
2022ന് ശേഷം ഏകദേശം ഒൻപത് യുഎസ് പൗരന്മാരെ ഇസ്രായേൽ സേന കൊലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിലൊന്നിൽ പോലും സേനക്കെതിരെ കുറ്റം ചുമത്താൻ അമേരിക്ക തയാറായിട്ടില്ല. സ്വന്തം പൗരന്മാരെ പോലും ഇസ്രായേൽ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ അമേരിക്കക്ക് സാധിക്കുന്നില്ലെന്നും അതിനിടയിലാണ് കോടിക്കണക്കിന് ഡോളറുകൾ വർഷാവർഷം ഇസ്രായേലിന് നൽകുന്നതെന്നും മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
നേരത്തെയുണ്ടായ മുഴുവൻ കൊലപാതങ്ങളിലും ഭരണകൂടം കാണിച്ച അനാസ്ഥയാണ് യാതൊരു പ്രകോപനവുമില്ലാതെ പൗരന്മാരെ കൊല്ലാൻ ഇസ്രായേലിന് പ്രചോദനമേകുന്നത്. അമേരിക്കൻ ഫലസ്തീനികളെ മാത്രമല്ല, ഫലസ്തീൻ ജനതയുടെ കൊലപാതകത്തിലും അമേരിക്കയ്ക്ക് പങ്കുണ്ടെന്നും അമേരിക്കൻ ഇസ്ലാമിക് റിലേഷൻ കൗൺസിൽ (cair) പറഞ്ഞു.
‘അമേരിക്ക ആദ്യം’ എന്ന തന്റെ മുദ്രാവാക്യം ട്രംപ് ആവർത്തിച്ച് പറയുന്നുണ്ട്. അമേരിക്കൻ പൗരനെ കൊലപ്പെടുത്തിയ സാഹചര്യത്തിൽ പോലും ഇത് പ്രാവർത്തികമാക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇസ്രായേൽ ഒന്നാം ഭരണകൂടമാണെന്ന് പറയേണ്ടിവരുമെന്നും സിഎഐആർ ഡെപ്യൂട്ടി ഡയറക്ടർ എഡ്വാർഡ് അഹമദ് മിച്ചൽ ആരോപിച്ചു.
ഫലസ്തീനിനെതിരായ വംശീയ അതിക്രമങ്ങൾ തടയുന്നതിൽ ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ട്. എന്നാൽ ഈ അതിക്രമങ്ങളെ പിന്തുണക്കുകയും പണം നൽകി സഹായിക്കുകയുമാണ് അമേരിക്ക ചെയ്യുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മിഡിൽ ഈസ്റ്റ് അണ്ടർസ്റ്റാന്റിങിന്റെ പ്രസ്താവനയിൽ പറയുന്നു.