ദേശീയം
ഡൽഹിയിൽ കെട്ടിടം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി : ഡൽഹിയിൽ നാലു നിലക്കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജണ്ട കോളനിയിലെ ഗലി നമ്പർ അഞ്ചിലാണ് അപകടമുണ്ടായത്. തകർന്ന കെട്ടിടത്തിൽ നിന്ന് രക്ഷിച്ച മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ പത്ത് കുടുംബങ്ങൾ താമസിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
വലിയ ശബ്ദത്തോടെ കെട്ടിടം തകർന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കാരണം വ്യക്തമല്ല. ഏഴ് ഫയർ യൂണിറ്റുകൾ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.
പ്രഭാത നടത്തത്തിന്‍റെ സമയത്താണ് അപകടമുണ്ടായത്. അതു കൊണ്ടു തന്നെ എത്ര പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്ന് ഇനിയും വ്യക്തമല്ല.