Uncategorizedഅന്തർദേശീയം

ഉക്രൈൻ- റഷ്യ സംഘർഷം : ഉക്രയ്‌ന്‌ ആയുധ വിതരണം പുനരാരംഭിച്ച് അമേരിക്ക

വാഷിങ്‌ടൺ ഡിസി : റഷ്യയുമായി സംഘർഷം തുടരുന്ന ഉക്രയ്‌ന്‌ അമേരിക്ക ആയുധ വിതരണം പുനരാരംഭിച്ചു. ജിഎംഎൽഎആർഎസ്‌ റോക്കറ്റുകൾ, 155 എംഎം ആർട്ടിലെറി ഷെല്ലുകൾ തുടങ്ങിയവ ഉക്രയ്‌ന്‌ യുഎസ്‌ നൽകിയതായി അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്‌തു. മിസൈലുകളും വ്യോമപ്രതിരോധ ആയുധങ്ങളും വിതരണം ചെയ്യുന്നത്‌ യുഎസ്‌ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പ്രതിരോധ വകുപ്പിന്റെ സൈനിക അവലോകനത്തെ തുടർന്നായിരുന്നിത്‌.

2022 ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചശേഷം ഉക്രയ്‌ന്‌ വലിയ സാമ്പത്തിക സഹായവും സൈനിക–-ആയുധസഹായവും യുഎസ്‌ നൽകിയിട്ടുണ്ട്. യുഎസ് സൈനിക ശേഖരം കുറയുന്നുവെന്ന ആശങ്കയെ അടിസ്ഥാനമാക്കിയാണ് പെന്റഗണിന്റെ നടപടിയെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. റഷ്യ ഉക്രയ്‌നിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽകൂടിയാണ്‌ ആയുധ വിതരണം പുനരാരംഭിച്ചെന്ന റിപ്പോർട്ട്‌ പുറത്തുവരുന്നത്‌. റഷ്യയുടെ വ്യോമാക്രമണത്തിൽ രണ്ട്‌ പേർ കൊല്ലപ്പെട്ടതായും 16 പേർക്ക്‌ പരിക്കേറ്റതായും ഉക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കി പറഞ്ഞു. 18 മിസൈലുകളും 400 ഡ്രോണുകളും ഉപയോഗിച്ചാണ്‌ കീവിലും സമീപ സ്ഥലങ്ങളിലും റഷ്യ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യ–- ഉക്രയ്‌ൻ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശ മന്ത്രി സെർജി ലവ്‌റോവും കൂടിക്കാഴ്‌ച നടത്തി. ആസിയാൻ വിദേശ മന്ത്രിമാരുടെ സമ്മേളനം നടക്കുന്ന മലേഷ്യയിലായിരുന്നു കൂടിക്കാഴ്‌ച. സംഘർഷം അവസാനിപ്പിക്കാൻ റഷ്യയുടെ ഭാഗത്തുനിന്ന്‌ വിട്ടുവീഴ്‌ച ഉണ്ടാകണമെന്ന്‌ മാർക്കോ റൂബിയോ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button