അന്തർദേശീയം

ഓഗസ്റ്റ് ഒന്ന് മുതൽ 14 രാജ്യങ്ങള്‍ക്കുമേലുള്ള തീരുവ കുത്തനെ കൂട്ടി അമേരിക്ക

ന്യൂയോര്‍ക്ക് : ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കം 14 രാജ്യങ്ങള്‍ക്കുമേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള സമയപരിധി നീട്ടി അമേരിക്ക. സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് വിവിധ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ചര്‍ച്ചകള്‍ക്ക് വഴിതുറന്ന് ഓഗസ്റ്റ് ഒന്നുവരെ നീട്ടിയത്. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്കുള്ള പുതിയ തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. 25 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. വ്യാപാര ചർച്ചകളെ തുടർന്ന് ഈ താരിഫിൽ മാറ്റം വരാമെന്നും ട്രംപ് സൂചന നൽകി.

ജപ്പാന്‍, ദക്ഷിണ കൊറിയ എന്നി രാജ്യങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുവയാണ് ചുമത്തിയത്. അമേരിക്കയുമായുള്ള വ്യാപാര കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് തീരുവ എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മ്യാന്‍മര്‍, ലാവോസ്, ദക്ഷിണാഫ്രിക്ക, കസാഖിസ്ഥാന്‍, മലേഷ്യ, ടുണീഷ്യ, ഇന്തോനേഷ്യ, ബോസ്‌നിയ, ഹെര്‍സഗോവിന, ബംഗ്ലാദേശ്, സെര്‍ബിയ, കംബോഡിയ, തായ്ലന്‍ഡ് എന്നി പന്ത്രണ്ട് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്താന്‍ പോകുന്ന തീരുവയും അമേരിക്ക പ്രഖ്യാപിച്ചത്.

താരിഫ്

ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനം താരിഫ്

ജപ്പാന് 25 ശതമാനം

മ്യാന്‍മറിന് 40 ശതമാനം

ലാവോസിന് 40 ശതമാനം

ദക്ഷിണാഫ്രിക്കയ്ക്ക് 30 ശതമാനം

കസാഖിസ്ഥാനില്‍ 25 ശതമാനം

മലേഷ്യയ്ക്ക് 25 ശതമാനം

ടുണീഷ്യയ്ക്ക് 25 ശതമാനം

ഇന്തോനേഷ്യയ്ക്ക് 32 ശതമാനം

ബോസ്‌നിയ, ഹെര്‍സഗോവിനയ്ക്ക് 30 ശതമാനം

ബംഗ്ലാദേശിന് 35 ശതമാനം

സെര്‍ബിയയ്ക്ക് 35 ശതമാനം

കംബോഡിയയ്ക്ക് 36 ശതമാനം

തായ്ലന്‍ഡിന് 36 ശതമാനം

അമേരിക്ക ഇപ്പോഴും വ്യാപാരത്തിന് തുറന്നിരിക്കുന്നുവെന്നും എന്നാല്‍ അത് കൂടുതല്‍ ന്യായവും സന്തുലിതവുമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഉല്‍പ്പാദനം യുഎസ് മണ്ണിലേക്ക് മാറ്റുന്ന വിദേശ നിര്‍മ്മാതാക്കള്‍ക്ക് ഇളവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ താരിഫ് നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് പതിനാല് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് അയച്ച കത്തുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു.

‘2025 ഓഗസ്റ്റ് 1 മുതല്‍ അമേരിക്കയിലേക്ക് അയയ്ക്കുന്ന ജപ്പാന്‍/കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം തീരുവ മാത്രമേ ഈടാക്കൂ. വ്യാപാരക്കമ്മി അസമത്വം ഇല്ലാതാക്കാന്‍ ആവശ്യമായതിനേക്കാള്‍ വളരെ കുറവാണെന്ന് ദയവായി മനസ്സിലാക്കുക,’ -ജപ്പാനും കൊറിയയ്ക്കും അയച്ച പ്രത്യേക കത്തുകളില്‍ ട്രംപ് പറഞ്ഞു. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഈ രാജ്യങ്ങള്‍ യുഎസിനുമേല്‍ കൂടുതല്‍ തീരുവ ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ഇതിനകം പ്രഖ്യാപിച്ച 25 ശതമാനം താരിഫുകള്‍ക്ക് പുറമേ നിരക്കുകളില്‍ ആനുപാതികമായ വര്‍ധന വരുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button