യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം

സനാ : യെമൻ തീരത്ത് ചെങ്കടലിൽ ചരക്കു കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം. എട്ട് ബോട്ടുകളിലായെത്തിയ സംഘമാണ് ആസൂത്രിത ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. യെമനിലെ ഹൊയ്ദ തുറമുഖത്തു നിന്നു 51 നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കപ്പലിൽ നിന്നു സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിക്കുന്നതായും മേഖലയിൽ സംഘർഷം തുടരുകയാണെന്നും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
എട്ട് ബോട്ടുകളിലെത്തിയ സംഘം കപ്പൽ വളയുകയായിരുന്നു. വെടിവയ്പ്പു മാത്രമായിരുന്നില്ല, റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളും ആക്രമികൾ കപ്പലിനു നേരെ പ്രയോഗിച്ചു. രണ്ട് ഡ്രോണുകൾ കപ്പലിലേക്ക് ഇടിച്ചു കയറ്റി. രണ്ട് ബോട്ടുകൾ സുരക്ഷാ വിഭാഗം തകർത്തതായും വിവരമുണ്ട്.
യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം. 2023 മുതൽ ചെങ്കടലിൽ ചരക്കു കപ്പലുകൾക്കു നേരെ ഹൂതി വിമതരുടെ ആക്രമണം പതിവാണ്. ഇസ്രയേൽ, യുഎസ്, ബ്രിട്ടീഷ് കപ്പലുകൾക്കു നേരെയാണ് ഇവരുടെ ആക്രമണം ഉണ്ടാകാറുള്ളത്.