കേരളം

എഫ് 35 ബി പാര്‍സല്‍ : ബ്രിട്ടീഷ് യുദ്ധ വിമാനം പൊളിച്ചു തിരികെ കൊണ്ടുപോകാന്‍ നീക്കം

തിരുവനന്തപുരം : പരിശീലന പറക്കലിനിടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി ‘പാര്‍സല്‍ ചെയ്യാന്‍’ നീക്കമെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയില്‍ അധികമായി തിരുവനന്തപുരത്ത് തുടരുന്ന വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബ്രിട്ടണ്‍ മറ്റ് വഴികള്‍ തേടുന്നത്. വിമാനം അഴിച്ചുമാറ്റി പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ട് പോകാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിമാനം പലഭാഗങ്ങളാക്കി പൊളിച്ച് നീക്കി തിരികെ കൊണ്ട് പോകാനാണ് നീക്കം. ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും. വിമാനം ലാന്‍ഡ് ചെയ്ത വകയില്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള പാര്‍ക്കിങ്, ഹാങ്ങര്‍ ഫീസുകള്‍ ഉള്‍പ്പെടെ ഒടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനം തിരുവനന്തപുരത്ത് വച്ച് തന്നെ അറ്റകുറ്റപ്പണി നടത്തി മടക്കിക്കൊണ്ട് പോകാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഈ നടപടി പരാജയപ്പെട്ടു. വിമാനം വഹിച്ചെത്തിയ കപ്പലില്‍ നിന്നുള്ള വിദഗ്ധരായിരുന്നു തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സാധ്യമാകാതിരുന്നതോടെ യുകെയില്‍ നിന്നും മുപ്പത് അംഗ വിദഗ്ധ സംഘം കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഈ നീക്കം വൈകുന്ന സാഹചര്യത്തിലാണ് വിമാനം പലഭാഗങ്ങളാക്കി എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.

അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അടിയന്തര ലാന്‍ഡിങ്ങിനിടെ ഉണ്ടായ യന്ത്രതകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. എഫ്-35 നെ അറബിക്കടലില്‍ എത്തിച്ച എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പല്‍ സിംഗപ്പൂര്‍ തീരത്തേക്കു മടങ്ങുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button