വീണ്ടും ഇസ്രായേലിൽ ഹൂത്തികളുടെ മിസൈലാക്രമണം

തെല്‍അവിവ് : യെമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രായേല്‍ സൈന്യം. പിന്നാലെ പൗരന്മാർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. എന്നാല്‍ മിസൈലുകള്‍ തടുത്തെന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്നും ഇസ്രായേല്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിലെ നിരവധി പ്രദേശങ്ങളില്‍ സൈറണുകള്‍ മുഴങ്ങി.
അതേസമയം ഹൂത്തികളുടെ മിസൈലാക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. ഇറാനെ സംഭവിച്ചത് എന്താണോ അതേ വിധിയാണ് യെമനുമുണ്ടാകുക എന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ ആ കൈ, ഞങ്ങള്‍ വെട്ടിമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച നടന്ന മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിരുന്നു. ഒരു വിമാനത്താവളത്തെയും മറ്റ് തന്ത്രപ്രധാന ഇസ്രായേലി കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നാല് ഓപ്പറേഷനുകൾ നടത്തിയതായാണ് ഹൂത്തി സൈനിക വക്താവ് യഹ്‌യ സാരി വ്യക്തമാക്കിയിരുന്നത്. ഗസ്സയിലെ ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ഹൂത്തികള്‍ നിരന്തരം ആക്രമിക്കുന്നുണ്ട്.