ഉപരോധത്തിനിടയിൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ; 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യും
യുഎസ് ഉപരോധത്തിനിടയിലും റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിക്ക് കരാർ ഒപ്പിട്ട് ഇന്ത്യൻ എണ്ണക്കമ്പനികൾ. റഷ്യൻ എണ്ണക്കമ്പനിയിൽനിന്ന് 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് കരാർ ഒപ്പുവച്ചത്. കമ്പനികൾ തമ്മിലുള്ള കരാറാണിതെന്ന് അധികൃതർ വ്യക്തമാക്കുന്നു. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ള ലോകശക്തികൾ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇന്ത്യയ്ക്ക് റഷ്യൻ കമ്പനികളിൽനിന്ന് എണ്ണ വാങ്ങുന്നതിന് നിയന്ത്രണമില്ല. റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിൽ യുഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ തീരുമാനം യുഎസ് ഉപരോധങ്ങളുടെ ലംഘനമല്ലെങ്കിലും ഈ സമയത്തെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമ്പോൾ നിങ്ങളുടെ സ്ഥാനം എവിടെയാണെന്ന് ചിന്തിക്കണമെന്നാണു യുഎസ് പറഞ്ഞത്.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ റഷ്യയിൽനിന്ന് 2 മുതൽ 3% വരെ മാത്രമാണ് ഇറക്കുമതി. സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യ കുറഞ്ഞ വിലയ്ക്കു ക്രൂഡ് ഓയിൽ നൽകാൻ തയാറായി.