അന്തർദേശീയം

അമേരിക്കയിലെ പാർക്കിലെ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

ഫിലാഡെൽഫിയ : അമേരിക്കയിലെ ഫിലാഡെൽഫിയയിലെ പാർക്കിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 9 പേർക്ക് അക്രമിയുടെ വെടിവയ്പിൽ പരിക്കേറ്റതായാണ് പൊലീസ് വിശദമാക്കുന്നത്, ഫിലാഡെൽഫിയയിലെ ഫെയർമൌണ്ട് പാർക്കിൽ തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. ഒരു യുവാവും യുവതിയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. സൈനിക സേവനത്തിനിടെ മരണമടഞ്ഞ സൈനികർക്ക് ആദരമർപ്പിക്കാനുള്ള അനുസ്മരണ ദിനത്തിലാണ് വെടിവയ്പ് നടന്നിട്ടുള്ളത്. നിരവധിയാളുകൾ പാർക്കിലുണ്ടായിരുന്ന സമയത്താണ് വെടിവയ്പ് നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്. മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് അനുസ്മരണ ദിനമായി സാധാരണ ആചരിക്കുന്നത്. അന്ന് അമേരിക്കയിൽ പൊതു അവധി ദിവസമാണ്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് വാഷിംഗ്ടൺ ഡി സിയിൽ അക്രമി രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ വെടിവെച്ചുകൊന്നിരുന്നു. നഗരത്തിലെ ജൂത മ്യൂസിയത്തിനു സമീപത്തായിരുന്നു വെടിവയ്പ് നടന്നത്. മ്യൂസിയത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയ്ക്കായി എത്തിയ യാരോൺ ലിഷിൻസ്‌കി, സാറാ ലിൻ മിൽഗ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. എംബസിയിൽ സഹപ്രവർത്തകരായിരുന്ന ഇവ‍രുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ചിക്കാഗോ സ്വദേശി ആയ 30 വയസുകാരൻ ഏലിയാസ് റോഡ്രിഗസ് ആണ് കൊലയാളി എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

നാല് പേരടങ്ങുന്ന സംഘത്തിന് നേരെ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും രണ്ട് പേരെയും കൊല്ലുകയും ചെയ്തുവെന്ന് വാഷിംഗ്ടൺ മെട്രോപൊളിറ്റൻ പൊലീസ് മേധാവി പമേല സ്മിത്ത് സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. വെടിവയ്പ്പിന് മുമ്പ് അയാൾ മ്യൂസിയത്തിന് പുറത്ത് നടക്കുന്നത് കണ്ടിരുന്നുവെന്നും ഇയാൾ വെടി ഉതിർത്ത ശേഷം കീഴടങ്ങിയതായും അധികൃതർ വിശദമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button