ഇസ്രയേലുമായുള്ള വിശാലമായ വ്യാപാര കരാർ പുനഃപരിശോധിക്കണം – ഡച്ച് നിർദ്ദേശത്തിന് യൂറോപ്യൻ യൂണിയന്റെ പിന്തുണ

ഇസ്രയേലുമായുള്ള വിശാലമായ വ്യാപാര കരാർ പുനഃപരിശോധിക്കാനുള്ള ഡച്ച് നിർദ്ദേശത്തിന് യൂറോപ്യൻ യൂണിയന്റെ പിന്തുണ. വിദേശകാര്യ മന്ത്രിമാരിൽ ഭൂരിഭാഗവും നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ-ഇസ്രായേൽ അസോസിയേഷൻ കരാറിന്റെ ആർട്ടിക്കിൾ 2 പ്രകാരമുള്ള മനുഷ്യാവകാശ ബാധ്യതകൾ ഇസ്രായേൽ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം.
“ഇസ്രയേലുമായുള്ള ഞങ്ങളുടെ അസോസിയേഷൻ കരാറിന്റെ ആർട്ടിക്കിൾ 2 പുനഃപരിശോധിക്കുന്നതിന് ശക്തമായ ഭൂരിപക്ഷമുണ്ടെന്ന് ഇന്നത്തെ ചർച്ചകളിൽ നിന്ന് വ്യക്തമാണ്,” യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ ഉന്നത പ്രതിനിധി കാജ കല്ലാസ് ബ്രസ്സൽസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഗാസയിലെ സ്ഥിതി വിനാശകരമാണ്. ഇസ്രായേൽ അനുവദിച്ച സഹായം തീർച്ചയായും സ്വാഗതം ചെയ്യപ്പെടുന്നു, പക്ഷേ അത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ് . തടസ്സമില്ലാതെയും വലിയ തോതിലും സഹായം ഉടനടി ഒഴുകണം,“ഇസ്രയേലുമായുള്ള എന്റെ ചർച്ചകളിലും ഞാൻ ഈ കാര്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. യുഎന്നുമായും പ്രാദേശിക നേതാക്കളുമായും ഞാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്. സാഹചര്യം മാറ്റാൻ സമ്മർദ്ദം ആവശ്യമാണ്,” അവർ കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയനും ഇസ്രായേലും തമ്മിൽ മാത്രം പ്രതിവർഷം €45 ബില്യൺ വിലമതിക്കുന്ന ശക്തമായ വ്യാപാര ബന്ധങ്ങൾ നിലനിർത്തുന്നു. അതേസമയം, ഗാസയിൽ “അസഹനീയമായ” ആക്രമണം എന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി വിശേഷിപ്പിച്ചതിനെത്തുടർന്ന് യുകെ ഇസ്രായേലുമായുള്ള വ്യാപാര കരാർ ചർച്ചകൾ നിർത്തിവയ്ക്കുകയും ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തു. യുകെ ഗവൺമെന്റിന്റെ പത്രക്കുറിപ്പ് അനുസരിച്ച്, 2022-ൽ 42 മില്യൺ പൗണ്ടിന്റെയും 2023-ൽ 18 മില്യൺ പൗണ്ടിന്റെയും ആയുധ കയറ്റുമതി ലൈസൻസുകൾ ബ്രിട്ടൻ ഇസ്രായേലിന് നൽകി. 2023 ഒക്ടോബർ 7 നും 2024 മെയ് 31 നും ഇടയിൽ, “സൈനികവും സൈനികേതരവുമായ നിയന്ത്രിത വസ്തുക്കൾക്കായി” ബ്രിട്ടീഷ് ഗവൺമെന്റ് 108 ലൈസൻസുകൾ അംഗീകരിച്ചു. ഈ സൈനീക വ്യാപാരകരാറുകളെ കുറിച്ച് പരാമർശമൊന്നുമില്ല.