രണ്ടാം പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ഇന്ന് നാടെങ്ങും വിപുലമായ ആഘോഷപരിപാടികൾ

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ന് നാടെങ്ങും ഇടതു പ്രവര്‍ത്തകര്‍ വിപുലമായ ആഘോഷപരിപാടികളോടെ വാര്‍ഷികം കൊണ്ടാടും. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള ലോഞ്ചില്‍ കേക്ക് മുറിച്ച് അഞ്ചാം പിറന്നാള്‍ ആഘോഷിക്കും.
സംസ്ഥാനത്തിന്റെ പതിവ് തിരുത്തി തുടര്‍ഭരണം സാധ്യമാക്കിയാണ് ഇടതുസര്‍ക്കാര്‍ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് നീങ്ങുന്നത്. മോഹന്‍ലാല്‍ സിനിമയുടെ പേരായ ‘തുടരും’ ടാഗ് ലൈനായി സ്വീകരിച്ച്, അധികാരത്തുടര്‍ച്ച ഉറപ്പിക്കാനുള്ള നീക്കവുമായാണ് ഇടതുമുന്നണി മുന്നോട്ടു പോകുന്നത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ വികസന മാതൃകയെ പൂര്‍വാധികം കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്.
വിഴിഞ്ഞം തുറമുഖം, ഗെയ്ൽ പൈപ്ലൈൻ, ഇടമൺ–കൊച്ചി പവർ ഹൈവേ പദ്ധതികൾ, രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം, കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണം, ഐടി കോറിഡോർ, പുതുവൈപ്പിൻ എൽപിജി ടെർമിനൽ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത, കൊച്ചി വാട്ടർ മെട്രോ, പശ്ചിമ തീര കനാൽ വികസനം, തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ വികസനപദ്ധതികളാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത്.