അന്തർദേശീയം

തുർക്കിയിലെ യുക്രെയ്ൻ സമാധാന ചർച്ച; പുടിനും ട്രംപും പങ്കെടുക്കില്ല

ഇസ്താംബൂൾ : തുർക്കിയിൽ വെച്ച് നടക്കുന്ന യുക്രെയ്ൻ സമാധാന ചർച്ചക്ക് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി വ്ലാദിമിർ പുടിനും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും. ഇസ്താംബൂളിൽ വെച്ച് യുക്രെയ്നുമായി നേരിട്ട് ചർച്ച നടത്താമെന്ന് പുടിൻ ഞായറാഴ്ച നിർദേശിച്ചിരുന്നു. ‘2022ൽ ചർച്ചകൾ അവസാനിപ്പിച്ചത് റഷ്യയല്ല. അത് കിയവ് ആയിരുന്നു. എന്നിരുന്നാലും, മുൻകൂർ ഉപാധികളില്ലാതെ കിയവ് നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നു’ പുടിൻ പറഞ്ഞു. എന്നാൽ ബുധനാഴ്ച രാത്രിയോടെ പുടിൻ സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. പകരം വ്ലാദിമിർ മെഡിൻസ്‌കി നയിക്കുന്ന സംഘമാവും ചർച്ചയിൽ റഷ്യയെ പ്രതിനിധീകരിക്കുക.

വ്ലാദിമിർ മെഡിൻസ്‌കി നയിക്കുന്ന സംഘത്തിൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ഗലുസിൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്‌സാണ്ടർ ഫോമിൻ, റഷ്യൻ മിലിട്ടറി ഇൻറലിജൻസ് മേധാവിയായ ഇഗോർ കോസ്റ്റ്യുക്കോവ് എന്നിവരുമുണ്ട്. റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപും ചർച്ചയിൽ പങ്കെടുക്കില്ലെന്ന് യു.എസ് അറിയിച്ചു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്കായി തുർക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. മിഡിൽ ഈസ്റ്റ് പര്യടനത്തിലാണ് നിലവിൽ ട്രംപ്.

മൂന്ന് വർഷത്തിലേറെ നീണ്ട യുദ്ധം താൽക്കാലികമായി നിർത്താൻ ഇരു രാജ്യങ്ങളും 30 ദിവസത്തെ വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കണമെന്ന് യു.എസ് പ്രസിഡന്റ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സെലെൻസ്‌കി വെടിനിർത്തലിനെ പിന്തുണച്ചും അത്തരം ചർച്ചകൾ ആരംഭിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പുടിനും വ്യക്തമാക്കിയിരുന്നു.

ട്രംപുമായുള്ള സെലൻസ്കിയുടെ കൂടിക്കാഴ്ചക്ക് പിന്നാലെ സമാധാന ചർച്ചകളിൽ നേരിട്ട് പങ്കെടുക്കാനുള്ള സമ്മർദം പുടിനുണ്ടായിരുന്നുവെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കി പ്രസിഡന്റ് തയ്യിബ് എർദ്ദേഗനുമായി കൂടിക്കാഴ്ച നടത്താനുള്ള യാത്രയിലാണ് സെലൻസ്കി. സമാധാനം നിഷേധിക്കാനുള്ള റഷ്യയുടെ തീരുമാനത്തിന് വലിയ വില നൽകേണ്ടി വരുമെന്നാണ് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചത്.

യുക്രെയ്നിന്‍റെ ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകൾ ഉൾപ്പെടുന്ന ഡോൺബാസ് മേഖല വിട്ടുകൊടുക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടതിനാലാണ് ചർച്ചകൾ പിരിഞ്ഞതെന്ന് സെലെൻസ്‌കി പറഞ്ഞു. പുടിൻ കൂടി പങ്കെടുത്താൽ മാത്രമേ ചർച്ചകളിൽ പങ്കെടുക്കൂ എന്ന് സെലെൻസ്‌കി ചൊവ്വാഴ്ച എക്‌സിലൂടെ വ്യക്തമാക്കി. പുടിൻ പങ്കെടുക്കാൻ തയ്യാറാകാത്തതിനാൽ സെലെൻസ്‌കി നേരിട്ട് ചർച്ചകളിൽ പങ്കെടുക്കുമോ അതോ പ്രതിനിധി സംഘമായിരിക്കുമോ എന്ന് വ്യക്തമല്ല. 2019ലാണ് പുടിനും സെലൻസ്കിയും നേരിട്ട് കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button