മുൻ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഹമിദ് രാജ്യം വിട്ടു

ധാക്ക : മുൻ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഹമിദ് രാജ്യം വിട്ടു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാറിനെ ഞെട്ടിച്ചാണ് ഹമിദിന്റെ നാടുവിടൽ. തായ് എയർവേയ്സിന്റെ വിമാനത്തിൽ ധാക്കയിലെ വിമാനത്താവളത്തിൽ നിന്ന് ഇയാൾ രാജ്യംവിട്ടുവെന്നാണ് കരുതുന്നത്.
2024ൽ വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ നടപടികളുടെ പേരിൽ ഹാമിദിനെതിരെ അന്വേഷണം നടക്കുകയാണ്. പ്രക്ഷോഭകരിൽ ഒരാളുടെ മരണത്തിലും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനിടെയാണ് മുൻ പ്രസിഡന്റിന്റെ തിരോധാനം. 2013 മുതൽ 2023 വരെയുള്ള പത്ത് വർഷക്കാലമാണ് ഇയാൾ ബംഗ്ലാദേശിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
ഹമിദിന്റെ രക്ഷപ്പെടലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെ ഇടക്കാല സർക്കാർ സസ്പെൻഡ് ചെയ്യുകയും സ്ഥലംമാറ്റുുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ ഉപദേശകൻ സി.ആർ അബ്രാറിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ഇടക്കാല സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ്ഥിതിക ഉപദേശക സായേദ റിസ്വാന ഹസൻ, തെഴിൽ ഉപദേശകൻ സാകാവാത്ത് ഹുസൈൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ ബംഗ്ലാദേശ് നിരോധിച്ചിരുന്നു. ഭീകരവിരുദ്ധ നിയമത്തിൽ പുതുതായി കൊണ്ടുവന്ന ഭേദഗതി പ്രകാരമാണ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പാർട്ടിയെ നിരോധിച്ച് ഉത്തരവിറക്കിയത്. അവാമി ലീഗിനെ നിരോധിക്കാനുള്ള നീക്കം നേരത്തെ തന്നെ ആരംഭിച്ച സർക്കാർ, തിങ്കളാഴ്ചയാണ് ഒദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
ബംഗ്ലാദേശിന്‍റെ ഇന്‍റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ അവാമി ലീഗ് നേതാക്കൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതുവരെ പാർട്ടിയും അനുബന്ധ സംഘടനകളും വിലക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.