യുകെ വിസാ നിയമങ്ങൾ കടുപ്പിക്കുന്നു; ലക്ഷ്യം കുടിയേറ്റക്കാരുടെ ഒഴുക്ക് കുറയ്ക്കുക

ലണ്ടൻ : മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കായെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ബ്രിട്ടൻ. ഇതിനായി കുടിയേറ്റക്കാരുടെ വിസ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് യുകെ സർക്കാർ. ഇമിഗ്രേഷൻ വൈറ്റ് പേപ്പറിലെ വിവരമനുസരിച്ച് വിദഗ്ധ തൊഴിലാളി വിസകൾക്ക് ബിരുദം നിർബന്ധമാക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തുകയെന്നാണ് റിപ്പോർട്ട്.
ബിരുദതല ജോലികൾക്ക് മാത്രമേ ഇനി സ്കിൽഡ് വിസകൾ അനുവദിക്കുകയുള്ളൂ എന്നും, അതിലും താഴ്ന്ന വൈദഗ്ധ്യമുള്ള തസ്തികകൾക്കുള്ള വിസകൾ രാജ്യത്തിന്റെ മറ്റ് പോളിസികൾക്കനുസരിച്ചാകുമെന്നും ഇന്ന് യുകെ ഹോം ഓഫീസിന്റെ പ്രഖ്യാപനമുണ്ടായി. തൊഴിലാളി ക്ഷാമമുള്ള രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കാകും ഈ വിസ അനുവദിക്കുക എന്നാണ് റിപ്പോർട്ട്. 2023 ജൂണിൽ യുകെയുടെ മൊത്തം കുടിയേറ്റ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 906,000 ആയി ഉയർന്നിരുന്നു. 2019 ൽ കണക്ക് പ്രകാരം 184,000 ആയിരുന്നു ഇത്. 4 വർഷം കൊണ്ടാണ് ഇത്രയും വലിയ ഉയർച്ച ഉണ്ടായത്.
ഏഷ്യൻ രാജ്യങ്ങളെ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും രാജ്യത്തെ മൊത്തത്തിലുള്ള കുടിയേറ്റവും രാജ്യത്തേക്കുള്ള തൊഴിലാളികളുടെ ഒഴുക്കും കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടികൾ. പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിൽ, പഠന വിസ അപേക്ഷകൾക്ക് യുകെ നിയന്ത്രണമാലോചിക്കുന്നുണ്ടെന്ന് എഎഫ്പി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഈയടുത്തിടെയാണ് ഇന്ത്യയും- യുകെയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചത്. ഇതിനു പിന്നാലെ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വജ്രങ്ങള്‍, വെള്ളി, സ്മാര്‍ട്ട്ഫോണുകള്‍, പ്ലാസ്റ്റിക്കുകള്‍, ബേസ് സ്റ്റേഷനുകള്‍, ടെലിവിഷന്‍ ക്യാമറ ട്യൂബുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, കേബിളുകള്‍ എന്നിവയ്ക്ക് രാജ്യത്ത് തീരുവ ഇളവുണ്ടാകില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. യുകെയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം, നിരവധി വ്യാവസായിക ഉല്‍പ്പന്നങ്ങളെ ഇന്ത്യ തീരുവ ഇളവുകളില്‍ നിന്ന് ഒഴിവാക്കി. വ്യാപാര ഉടമ്പടി പ്രകാരം ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ആനുകൂല്യങ്ങളൊന്നും നല്‍കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ തീരുവ ഇളവുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച ക്വാട്ടയിലേക്ക് പരിമിതപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. സമാനമായ ക്വാട്ട പരിധി, ഇലക്ട്രിക് വാഹന ഇറക്കുമതികള്‍ക്കും ബാധകമാണ്.