അന്തർദേശീയം

ഫലസ്തീൻ അനുകൂല പ്രതിഷേധം : കൊളംബിയ സര്‍വകലാശാലയിൽ 50ഓളം വിദ്യാര്‍ഥികൾ അറസ്റ്റിൽ

ന്യൂയോര്‍ക്ക് : കൊളംബിയ സര്‍വകലാശാലയിലുണ്ടായ ഫലസ്തീൻ അനുകൂല പ്രതിഷേധത്തെ തുടര്‍ന്ന് 50ഓളം വിദ്യാര്‍ഥികളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഗസ്സ-ഇസ്രായേൽ യുദ്ധത്തിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധങ്ങളുടെ അലയൊലികൾക്ക് ശേഷം കാമ്പസിൽ നടന്ന ഏറ്റവും വലിയ ഫലസ്തീൻ അനുകൂല പ്രകടനങ്ങളിലൊന്നായിരുന്നു ഇത്.

ബട്‌ലർ ലൈബ്രറിക്ക് പുറത്ത് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ വാനുകളിലും ബസുകളിലുമായി 50 ഓളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു കയറ്റുകയായിരുന്നു. കാമ്പസിൽ നിന്ന് പോകാൻ വിസമ്മതിച്ച മറ്റ് പ്രതിഷേധക്കാരെയും പൊലീസ് വളഞ്ഞു. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രധാന ലൈബ്രറിയിലെ വായനശാലയിൽ ഫലസ്തീനികളെ പിന്തുണച്ച് ഡസൻ കണക്കിന് പ്രതിഷേധക്കാർ മേശകൾക്കു ചുറ്റും നിന്ന് ഡ്രം അടിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. ബട്‍ലര്‍ ലൈബ്രറിയിലെ ലോറൻസ് എ. വെയ്ൻ വായനശാലയിലെ നിലവിളക്കുകൾക്ക് താഴെ ഗസ്സക്ക് വേണ്ടിയുള്ള സമരം, ഗസ്സയെ സ്വതന്ത്രമാക്കുക എന്നീ ബാനറുകൾ പിടിച്ച മുഖംമൂടി ധരിച്ച പ്രതിഷേധക്കാരുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാമ്പസ് പത്രമായ കൊളംബിയ സ്‌പെക്ടേറ്ററിന്‍റെ റിപ്പോർട്ട് പ്രകാരം 70 ഓളം പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വർഷത്തെ പ്രതിഷേധങ്ങളെ സെമിറ്റിക് വിരുദ്ധമെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, ജൂത വിദ്യാർഥികളെ സംരക്ഷിക്കുന്നതിൽ സർവകലാശാലകൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ചിരുന്നു. അമേരിക്കയിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പ്രഭവകേന്ദ്രമായിരുന്നു കൊളംബിയ സര്‍വകലാശാല. ഗസ്സ നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വിദ്യാര്‍ഥികള്‍ സര്‍വകലാശാല കാമ്പസില്‍ ടെന്‍റുകൾ നിര്‍മിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button