അന്തർദേശീയം

മോസ്‌കോയിൽ ഡ്രോണാക്രമണം നടത്തി യുക്രൈൻ

മോസ്‌കോ : രണ്ടാംലോകയുദ്ധത്തിൽ നാസി ജർമനിക്കെതിരേ റഷ്യ നേടിയ വിജയത്തിന്റെ 80-ാംവാർഷികാഘോഷവും പരേഡും വെള്ളിയാഴ്ച നടക്കാനിരിക്കേ മോസ്‌കോയിൽ ഡ്രോണാക്രമണം നടത്തി യുക്രൈൻ. തിങ്കളാഴ്ച രാത്രി മോസ്‌കോയുൾപ്പെടെ വിവിധപ്രദേശങ്ങളിലേക്ക് യുക്രൈന്റെ 100-ലെറെ ഡ്രോണുകളെത്തിയെന്ന് റഷ്യ പറഞ്ഞു. 19 ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് മോസ്‌കോ മേയർ സെർഗെയി സോബിയാനിൻ അവകാശപ്പെട്ടു.

ആക്രമണത്തെത്തുടർന്ന് 12-ലേറെ റഷ്യൻ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. അതിൽ നാലെണ്ണം മോസ്‌കോയിലാണ്. മേയ് ഒൻപതിന് മോസ്‌കോയിലെ ചുവപ്പുചത്വരത്തിലാണ് വിജയദിനപരേഡ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ബെലറൂസ് പ്രസിഡന്റ് അലക്‌സാൺഡർ ലുകാഷെങ്കോ തുടങ്ങി 20-ഓളം രാഷ്ട്രനേതാക്കൾ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചെങ്കിലും അദ്ദേഹം പോകുന്നില്ല. പകരം, പ്രതിരോധസഹമന്ത്രി പങ്കെടുത്തേക്കും.

അതേസമയം, വിജയദിനാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ത്രിദിന വെടിനിർത്തലുമായി മുന്നോട്ടുപോകുമെന്ന് പുതിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈൻ വെടിനിർത്തൽ ലംഘിച്ചാൽ തക്കമറുപടിയുണ്ടാകുമെന്നും വ്യക്തമാക്കി.

റഷ്യയുടെ വെടിനിർത്തൽപ്രഖ്യാപനം വ്യാജമാണെന്നാണ് യുക്രൈന്റെ ആരോപണം. മൂന്നുദിവസത്തെ വെടിനിർത്തലിനില്ലെന്നും ചുരുങ്ങിയത് 30 ദിവസത്തേക്കെങ്കിലും വെടിനിർത്തണമെന്നും അവർ ആവശ്യപ്പെടുന്നു. വിജയദിനാഘോഷത്തിൽ പുതിന്റെ അതിഥികളായി എത്തുന്നവരുടെ സുരക്ഷ യുക്രൈന് ഉറപ്പുനൽകാനാകില്ലെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി മുന്നറിയിപ്പുനൽകിയിരുന്നു. അതിനിടെ, തിങ്കളാഴ്ച കീവിലേക്ക് റഷ്യ 136 ഡ്രോണുകൾ അയച്ചെന്ന് യുക്രൈൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button