അന്തർദേശീയം

ട്രംപ് നാസയുടെ ബജറ്റ് വൻതോതിൽ വെട്ടിക്കുറച്ചു; മസ്കിൻറെ ചൊവ്വാ ദൗത്യത്തിന് ഫണ്ട് അനുവദിച്ചു

വാഷിങ്ടൺ ഡിസി : അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ബജറ്റില്‍ 2026-ല്‍ 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശവുമായി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വെള്ളിയാഴ്ചയാണ് ബജറ്റിന്റെ ബ്ലൂപ്രിന്റ് പുറത്തിറക്കിയത്. 2480 കോടി ഡോളറില്‍ നിന്ന് 1880 കോടി ഡോളറിലേക്കാണ് ബജറ്റ് വിഹിതം വെട്ടിക്കുറക്കാനാണ് നിര്‍ദേശം. ഈ നീക്കം ബഹിരാകാശ മേഖലയിലെ അമേരിക്കന്‍ ആധിപത്യത്തിന് വലിയ തിരിച്ചടിയാകുമെന്നും ആധുനിക ചാന്ദ്ര ദൗത്യങ്ങളില്‍ ഇത് ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൊവ്വയില്‍ നിന്ന് പെര്‍സിവറന്‍സ് റോവര്‍ ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള നാസയുടെ ‘മാര്‍സ് സാമ്പിള്‍ റിട്ടേണ്‍’ പദ്ധതിയും ചന്ദ്രനെ ചുറ്റുന്ന ഗേറ്റ്‌വേ ബഹിരാകാശ നിലയം, ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള പദ്ധതികളെ ബജറ്റ് വെട്ടിക്കുറയ്ക്കല്‍ ബാധിക്കും. ബഹിരാകാശ ഗവേഷണത്തില്‍ 230 കോടി ഡോളറും ഭൂമിശാസ്ത്ര ഗവേഷണത്തിന് 120 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുമാണ് നിര്‍ദേശം.

ബഹിരാകാശ യാത്രികരെ ചന്ദ്രനിലേക്ക് വീണ്ടും എത്തിക്കുന്നതിനായി നാസ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ഓറിയോണ്‍ ബഹിരാകാശ പേടകവും ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനും ആര്‍ട്ടെമിസ് 2, ആര്‍ട്ടെമിസ് 3 വിക്ഷേപണങ്ങള്‍ കൂടി കഴിഞ്ഞാല്‍ ദൗത്യം അവസാനിപ്പിക്കാനും നിര്‍ദ്ദിഷ്ട ബജറ്റ് നിര്‍ദേശിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം 2030 ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി നിലയത്തിലെ സഞ്ചാരികളുടെ എണ്ണവും കുറയ്ക്കും.

നാസയുടെ ബജറ്റ് വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ ഇലോണ്‍ മസ്‌കിന് വലിയ പങ്കുണ്ടെന്നാണ് വിവരം. നാസയുടെ ചൊവ്വാ സാമ്പിള്‍ ശേഖരണ ദൗത്യം റദ്ദാക്കപ്പെടുന്ന സ്ഥിതിയിലെത്തുമ്പോള്‍, ചന്ദ്രനില്‍ മനുഷ്യരുടെ കോളനി നിര്‍മിക്കാനുള്ള സ്‌പേസ് എക്‌സിന്റെ പദ്ധതിക്കായി 100 കോടി ഡോളര്‍ അനുവദിക്കാന്‍ നിര്‍ദേശമുണ്ട്,.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button