അന്തർദേശീയം

പോപ്പിന്റെ വേഷമിട്ട എ.ഐ ചിത്രം ‘ട്രൂത്തിൽ’ പങ്കുവെച്ച് ട്രംപ്; തമാശ അതിര് കടക്കുന്നു എന്ന് രൂക്ഷ വിമർശനം

വാഷിങ്ടൺ ഡിസി : തനിക്ക് അടുത്ത പോപ്പ് ആകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയതിന് പിന്നാലെ സമൂഹമാധ്യമമായ ട്രൂത്തിൽ പോപ്പിന്റെ വേഷമിട്ട എ.ഐ ചിത്രം പങ്കുവെച്ച് ഡൊണാൾഡ് ട്രംപ്.

വെളുത്ത വസ്ത്രങ്ങളണിഞ്ഞ് സ്വർണ കുരിശുമാലയും മിറ്റർ തൊപ്പിയും ധരിച്ച രാജകീയ വേഷവിധാനത്തോടുകൂടിയ എ.ഐ ചിത്രമാണ് ട്രൂത്തിൽ ട്രംപ് പങ്കുവെച്ചത്.

തമാശയായി പങ്കുവെച്ചതാണെങ്കിലും സംഭവം അത്ര നിസാരമല്ലയെന്നാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

ഇത് സഭയോടും ദൈവത്തോടുമുള്ള അനാദരവാണെന്നാണ് ഒരാളുടെ പ്രതികരണം. ‘ഇത് വെറുപ്പുളവാക്കുന്നതും പൂർണമായും കുറ്റകരവുമാണ്’ എന്നാണ് മറ്റൊരാളുടെ പ്രതികരണം.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ കത്തോലിക്കർ നടത്തുന്ന പ്രക്രിയയെ പരിഹസിക്കാൻ എങ്ങനെ ധൈര്യം വന്നുവൊന്നും മറ്റൊരാൾ ചോദിക്കുന്നു. തമാശ അതിര് കടക്കുന്നുവെന്ന പ്രതികരണവും കാണാം.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തെ തുടർന്ന് അടുത്ത പോപ്പിനെ തെരഞ്ഞെടുക്കാൻ വത്തിക്കാനിൽ കർദിനാൾമാരുടെ യോഗനടപടികൾ (കോൺക്ലേവ്) ഈ മാസം ഏഴിന് തുടങ്ങാനിരിക്കേയാണ് തനിക്ക് പോപ്പ് ആകണമെന്ന് മാധ്യമങ്ങളോട് തമാശയായി പറഞ്ഞത്.

എന്നാൽ, സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചിലർ വിമർശനവുമായി വരികയും ചെയ്തു. തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

തമാശ അവിടംകൊണ്ട് തീരുമെന്ന് കരുതിയെങ്കിലും പോപ്പായി വേഷമിട്ട എ.ഐ ചിത്രം പങ്കുവെച്ചതോടെ യു.എസ് പ്രസിഡന്റിന്റെ തമാശ അൽപം കാര്യമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button