കൈരളി യുകെ രണ്ടാമത് ദേശീയ സമ്മേളനം; മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു

ലണ്ടൻ : കൈരളി യുകെയുടെ രണ്ടാമത് ദേശീയ സമ്മേളനം ന്യൂബറി പാർക്ക് ഹൗസ് സ്കൂളിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.
കൈരളി യുകെയുടെ പ്രസിഡന്റ് പ്രിയ രാജൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. എഐസി സെക്രട്ടറി ജനേഷ് സി, ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിയോസ് പോൾ, എംഎയുകെ പ്രസിഡന്റ് ശ്രീജിത്ത്, എസ്എഫ്ഐ യുകെ ജോയിന്റ് സെക്രട്ടറി വിശാൽ എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു.
കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയ രോഗികൾക്ക് വിദേശ മാതൃകയിലുള്ള പരിശീലനത്തിന് നേതൃത്വം നൽകിയ ബിജോയ് സെബാസ്റ്റ്യൻ, മോണ, മിനിജ, മേരി ജോർജ് എന്നിവർക്കും, വയനാട് ദുരന്തത്തിൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച കൈരളി ഹീത്രൂ യൂണിറ്റിനും വഞ്ചിനാട് കിച്ചണിനും, പ്രശസ്ത ഗവേഷകനും വിദ്യാഭ്യാസ വിദഗ്ധനുമായ മെഹമൂദ് കൂരിയ, പ്രശസ്ത പ്രവാസി എഴുത്തുകാരി ഐശ്വര്യ കമല എന്നിവർക്കും കൈരളി യുകെ ഏർപ്പെടുത്തിയ എക്സ് എംപ്ലർ അവാർഡ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ പോൾ സ്വാഗതം ആശംസിച്ച സാംസ്കാരിക സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാൻ വരുൺ ചന്ദ്രബാലൻ നന്ദി പറഞ്ഞു. അലോഷി ആദംസും സംഘവും അവതരിപ്പിച്ച ഗസൽ ഗാനങ്ങൾ സദസ്സ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. യുകെ മലയാളികൾക്ക് അലോഷി ഗസൽ സന്ധ്യയുടെ പെരുമഴക്കാലം സമ്മാനിച്ചു. സ്റ്റേജ് പരിപാടികൾക്ക് പ്രവീൺ, വിമി, ഐശ്വര്യ, ലിമി എന്നിവർ നേതൃത്വം നൽകി.
സമ്മേളനത്തോടനുബന്ധിച്ച് ഡികെഎംഎസ് ഒരുക്കിയ സ്റ്റെൻസിൽ ഡോണർ സ്റ്റാൾ, കേംബ്രിജ് യൂണിറ്റ് ഒരുക്കിയ റോബോട്ടിക് സ്റ്റാൾ, പുസ്തക പ്രദർശനവും വിൽപ്പനയ്ക്കുമുള്ള സ്റ്റാളുകൾ, അലങ്കാര ചെടികളും വിവിധ ഇനം പച്ചക്കറി തൈകളുടെ സൗജന്യ വിൽപ്പനയും പ്രദർശനവും, കൈരളിയുടെ നാൾവഴികൾ എന്ന ചരിത്ര പ്രദർശനം, സിഗ്നേച്ചർ ക്യാംപെയ്ൻ എന്നിവയും ഒരുക്കിയിരുന്നു.
നവീൻ, ശ്രീജിത്ത്, വിഷ്ണു, റെൻസൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് വേദിയിൽ ഏർപ്പെടുത്തിയിരുന്നത്. കൈരളിയുടെ ചരിത്രത്തിൽ മറ്റൊരു കയ്യൊപ്പ് ചാർത്തിയാണ് ആദ്യ ദിവസത്തെ പരിപാടികൾ സമാപിച്ചത്.