യെമനിൽ അഭയാർഥിത്തടവറയിൽ യുഎസ് ബോംബാക്രമണം; മരണം 68

സന : യെമനിൽ ആഫ്രിക്കൻ അഭയാർഥികളെ പാർപ്പിച്ചിരുന്ന തടവറയിൽ യുഎസ് നടത്തിയ ബോംബാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ അറിയിച്ചു. 47 പേർക്കു പരുക്കേറ്റു. ഹൂതികളുടെ ശക്തികേന്ദ്രമായ സദാ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. യെമൻ തലസ്ഥാനമായ സനായിലെ ബോംബാക്രമണത്തിൽ 18 പേരും കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഒരുമാസത്തിലേറെയായി യുഎസ് കനത്ത വ്യോമാക്രമണമാണു യെമനിൽ നടത്തുന്നത്. ഇതുവരെ 800 തവണ ബോംബിട്ടെന്നാണ് യുഎസ് സൈന്യത്തിന്റെ കണക്ക്. ആകെ 250 പേർ കൊല്ലപ്പെട്ടു.
ബോംബാക്രമണമുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും ഹൂതി ടിവി പുറത്തുവിട്ടു. 115 പേർ അഭയാർഥികൾ തടവറയിൽ ഉണ്ടായിരുന്നുവെന്നാണു കണക്ക്. യെമനിന്റെ അയൽരാജ്യമായ സൗദി അറേബ്യയിലേക്കു കടക്കാനായി ഇത്യോപ്യയിൽ നിന്നും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള അഭയാർഥികൾ യെമൻ വഴിയാണ് യാത്ര. ഇവരെയാണു ഹൂതികൾ പിടികൂടി തടവിലാക്കുന്നത്.