പഹല്‍ഗാം ഭീകരാക്രമണം : പാകിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു; സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് യോഗം വിളിച്ചത്. ഇന്ത്യ സ്വീകരിച്ച നടപടികളില്‍ എന്തു തിരിച്ചടി നല്‍കണമെന്ന കാര്യം യോഗം ചര്‍ച്ചയാകും. ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ പാകിസ്ഥാന്റെ പ്രതികരണവും യോഗശേഷം ഉണ്ടായേക്കും.
അതേസമയം, ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടിക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ക്വാജ ആസിഫ് വ്യക്തമാക്കി. പാക് സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളത്. ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയാണ്. ഭീകരവാദത്തിന്റെ വലിയ ഇരയാണ് പാകിസ്ഥാനെന്നും പാക് മന്ത്രി ക്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാന്‍ വിളിച്ചു വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനോടുള്ള നിലപാട് ഇന്ത്യ കടുപ്പിച്ചിരിക്കുകയാണ്. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുമ്പ് തിരിച്ചെത്താം.
പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. എസ് വി ഇ എസ് വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരിച്ചു പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവരോട് ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ പോകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.