യുഎസില്‍ ട്രംപ് വിരുദ്ധ പ്രതിഷേധം ശക്തി പ്രാപിക്കുന്നു; തെരുവിലിറങ്ങി ആയിരങ്ങള്‍

ന്യൂയോര്‍ക്ക് : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് എതിരെ യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു. ഭരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ട്രംപിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നത്. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇംപീച് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യത്തുടനീളം വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്. യു എസില്‍ നിന്നും ആളുകളെ നാടുകടത്തുന്നതിനെതിരെയും സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വിമര്‍ശനം ശക്തമാവുന്നുണ്ട്.
ട്രംപ് സര്‍ക്കാര്‍ പൗരാവകാശങ്ങളും, ഭരണഘടനാ ലംഘനങ്ങളും നടത്തുന്നു എന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുനന്നതും സുപ്രധാന ഏജന്‍സികള്‍ അടച്ചുപൂട്ടുക, ഫെഡറല്‍ ഗവണ്‍മെന്റിന്റെ അധികാരം കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും നടന്ന പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് യുഎസിലെ സുപ്രധാന നഗരങ്ങളില്‍ എല്ലാം പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ, റോഡ് ഐലന്‍ഡ്, മേരിലാന്‍ഡ്, വിസ്‌കോണ്‍സിന്‍, ടെന്നസി, സൗത്ത് കരോലിന, ഒഹായോ, കെന്റക്കി, കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ തുടങ്ങിയ നരഗവീഥികളില്‍ പ്രതിഷേധക്കാര്‍ ട്രംപിന് എതിരെ അണിനിരന്നു. ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളില്‍ 11 ദശലക്ഷം വരുന്ന ജനങ്ങള്‍ പങ്കാളികളായതായി സംഘാടകര്‍ അവകാശപ്പെട്ടു. യുഎസ് ജനസംഖ്യയുടെ 3.5 ശതമാനം വരും പ്രതിഷേധത്തില്‍ പങ്കാളികളായവരുടെ എണ്ണം എന്നാണ് കണക്കുകള്‍ പറയുന്നു.
ട്രംപ് വിരുദ്ധര്‍ 400 ലധികം റാലികളാണ് ശനിയാഴ്ച രാജ്യത്തും പുറത്തുമായി ആസൂത്രണം ചെയ്തിരുന്നത്. 50501 എന്ന കൂട്ടായ്മയാണ് ട്രംപ് വിരുദ്ധ റാലികള്‍ക്ക് പിന്നില്‍. വൈറ്റ് ഹൗസ്, ടെസ്‌ല ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ മന്നിലുള്‍പ്പെടെ ആളുകള്‍ പ്രതിഷേധവുമായി അണിനിരന്നു. അമേരിക്കന്‍ വിപ്ലവത്തിന്റെ 250ാം വാര്‍ഷികദിനത്തിലാണ് പ്രതിഷേധമുണ്ടായതെന്നും ശ്രദ്ധേയമാണ്. ഡോജ് അടക്കമുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.