അന്തർദേശീയം

വഴങ്ങാതെ ഹാർവാഡ്; സഹായധനം മരവിപ്പിച്ച് ട്രംപ്

ന്യൂയോർക്ക് സിറ്റി : ട്രംപ് സർക്കാർ ആവശ്യപ്പെട്ട നയംമാറ്റങ്ങൾക്കു തയ്യാറല്ലെന്നറിയിച്ച ഹാർവാഡ് സർവകലാശാലയ്ക്കുള്ള 220 കോടി ഡോളറിന്റെ (18,861 കോടി രൂപ) സഹായധനം വൈറ്റ്ഹൗസ് മരവിപ്പിച്ചു. കാംപസുകളിലെ ജൂതവിരുദ്ധത അടിച്ചമർത്താൻ എന്നുപറഞ്ഞാണ് സർവകലാശാലയുടെ നയങ്ങൾ മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.

ഭരണരീതി, വിദ്യാർഥികളെയും ഗവേഷകരെയും അധ്യാപകരെയും എടുക്കുന്ന രീതി എന്നിവയെല്ലാം മാറ്റണം, വംശീയതയും ദേശീയതയും ലിംഗഭേദവും നോക്കാതെ ആളെയെടുക്കുന്നതിനുള്ള ഡൈവേഴ്സിറ്റി ഇക്വിറ്റി ഇൻക്ലൂഷൻ ഓഫീസുകൾ പൂട്ടണം, വിദേശവിദ്യാർഥികളെ എടുക്കുമ്പോഴുള്ള പരിശോധനകളിൽ കുടിയേറ്റവിഭാഗം ഉദ്യോഗസ്ഥരെയുൾപ്പെടുത്തണം തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ. എന്നാൽ, ഇതൊന്നും അഗീകരിക്കാനാവില്ലെന്ന് ഹാർവാഡ് പ്രസിഡന്റ് അലർ ഗാർബർ വ്യക്തമാക്കി. “ഹാർവാഡിന്റെ സ്വാതന്ത്ര്യമോ ഭരണഘടനാപരമായ അവകാശങ്ങളോ” ചർച്ചയ്ക്കുവെക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇതോെടയാണ് ജൂതവിരുദ്ധതയെ നേരിടുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപവത്കരിച്ച സംയുക്ത കർമസേന സർവകലാശാലയ്ക്കുള്ള സഹായധനം മരവിപ്പിച്ചത്. സർവകലാശാലയ്ക്കുള്ള ആറുകോടി ഡോളറിന്റെ (514.42 കോടി രൂപ) സർക്കാർ കരാറുകളും മരവിപ്പിക്കുകയാണെന്ന് അറിയിച്ചു.

ഹാർവാഡ് സർവകലാശാലയുടെ തീരുമാനത്തെ മുൻ പ്രസിഡന്റ് ബരാക് ഒബാമ, സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടിനേതാവ് ചക്ക് ഷൂമർ, വെർമോണ്ട് സെനറ്റർ ബേണി സാൻഡേഴ്സ് എന്നിവർ അഭിനന്ദിച്ചു.

2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ യുദ്ധമാരംഭിച്ചതിനുപിന്നാലെ യുഎസിലെ കാംപസുകൾ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളാൽ പ്രക്ഷുബ്ധമായിരുന്നു. പലസ്തീൻ അനുകൂലപ്രക്ഷോഭങ്ങളായിരുന്നു ഇതിലേറെയും. സർവകലാശാലകൾ ജൂതവിരുദ്ധത തടയുന്നില്ലെന്ന ആരോപണമുയർന്നു. ജൂതവിരുദ്ധതയുടെ പേരിൽ 60 കോളേജുകൾക്കും സർവകലാശാലകൾക്കുമെതിരേ മാർച്ചിൽ വിദ്യാഭ്യാസവകുപ്പ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button