അന്തർദേശീയം

പോര് കനക്കുന്നു; അമേരിക്കയുടെ ബോയിങ് വിമാനങ്ങൾ വേണ്ടെന്ന് ചൈന

ബെയ്ജിങ് : യുഎസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് ഓർഡർ ചെയ്ത വിമാനങ്ങളൊന്നും സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയർലൈൻ കമ്പനികൾക്ക് സർക്കാർ നിർദേശം നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് കമ്പനികളിൽ നിന്ന് വിമാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് നിർത്തിവെയ്ക്കാനും ചൈന ആവശ്യപ്പെട്ടതായാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം മുറുകുകയാണെന്ന് തെളിയിക്കുന്നതാണ് ചൈനയുടെ നീക്കം. യുഎസില്‍ പ്രസിഡന്റായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മില്‍ താരിഫ് യുദ്ധത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അമേരിക്ക തുടങ്ങിവെച്ച ‘യുദ്ധത്തിന്’ ചൈനയും അതേ നാണയത്തിലാണ് തിരിച്ചടിക്കുന്നത്.

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം വരെ തീരുവയാണിപ്പോള്‍ അമേരിക്ക ചുമത്തുന്നത്. ചൈനയാകട്ടെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവയും ചുമത്തുന്നു. നേരത്തെ മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ പ്രഖ്യാപിച്ച തീരുവയില്‍ 90 ദിവസത്തേക്ക് അമേരിക്ക ഇളവ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചൈനക്ക് ബാധകമാക്കാതെയായിരുന്നു ട്രംപിന്റെ നീക്കം. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന.

ചൈനയിലെ ഏറ്റവും മികച്ച മൂന്ന് എയർലൈനുകളായ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവക്ക് 2025-2027 കാലയളവിൽ യഥാക്രമം 45, 53, 81 ബോയിംഗ് വിമാനങ്ങൾ വാങ്ങാനായി പദ്ധതിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബോയിങ്ങിന് ഉപരോധം ഏർപ്പെടുത്തുന്നത് യുഎസ് കമ്പനിയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമാനവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ വാങ്ങരുതെന്ന നിര്‍ദേശം ചൈനക്ക് തിരിച്ചടിയാകുമോ എന്നാണ് അറിയേണ്ടത്.

സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകുമെന്നും പറയപ്പെടുന്നു. അതേസമയം റിപ്പോര്‍ട്ടുകളോട് ഇതുവരെ ബോയിങ് പ്രതികരിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button