വയനാട് പുനരധിവാസം : എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു

കല്‍പ്പറ്റ : ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഔദ്യോഗികമായി സര്‍ക്കാര്‍ ഏറ്റെടുത്തു. എസ്‌റ്റേറ്റ് ഭൂമിയില്‍ ജില്ലാ കലക്ടര്‍ നോട്ടീസ് പതിച്ചു. 64.4705 ഹെക്ടര്‍ ഭൂമിയാണ് ദുരന്തനിവാരണ ഉത്തരവ് പ്രകാരം ഏറ്റെടുത്തിട്ടുള്ളത്.
ഹൈക്കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് കലക്ടറുടെ നടപടി. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ തുടങ്ങുമെന്ന് കലക്ടര്‍ സൂചിപ്പിച്ചു.
എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്നുണ്ടായത് സര്‍ക്കാരിന് ആശ്വാസമായ വിധിയാണ്. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഉടന്‍ തന്നെ ശിലാഫലകം സ്ഥാപിക്കുമെന്നും മന്ത്രി അഭിപ്രായപ്പെടട്ടിരുന്നു.