ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടുമിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു : യുഎന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ഗര്‍ഭധാരണവും പ്രസവവും മൂലം ലോകത്ത് ഓരോ രണ്ടു മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നതായി കണക്കുകള്‍. പ്രതിദിനം 700ല്‍ അധികം സ്ത്രീകളാണ് ഇത്തരത്തില്‍ മരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യദിനത്തോട് അനുബന്ധിച്ചാണ് യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആരോഗ്യകരമായ തുടക്കം, പ്രതീക്ഷയുള്ള ഭാവി എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിലെ പ്രമേയം.
2000നും 2023നും ഇടയിലുള്ള കാലഘട്ടത്തില്‍ ആഗോളതലത്തില്‍ മാതൃമരണങ്ങളില്‍ 40 ശതമാനം കുറവു വന്നിട്ടുണ്ട്. 2023ല്‍ ഗര്‍ഭധാരണം അല്ലെങ്കില്‍ പ്രസവം മൂലമുള്ള സങ്കീര്‍ണതകള്‍ കാരണം 260,000 സ്ത്രീകള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിലോ ദരിദ്ര രാജ്യങ്ങളിലോ ആണ് 90 ശതമാനം മാതൃമരണങ്ങളും ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂരിഭാഗം മാതൃമരണങ്ങള്‍ക്കും കാരണമാകുന്ന സങ്കീര്‍ണതകള്‍ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പരിഹാരങ്ങള്‍ നിലവിലുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഗര്‍ഭധാരണം അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗുണനിലവാരമുള്ള പ്രസവ പരിചരണം ഉറപ്പാക്കുന്നതിനോടൊപ്പം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും പ്രത്യുല്‍പ്പാദന അവകാശങ്ങളും ശക്തിപ്പെടുത്തേണ്ടത് നിര്‍ണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ 282,000 മാതൃമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടടുത്ത വര്‍ഷം 322,000 പേരാണ് മരിച്ചത്. അതായത് തൊട്ടടുത്ത വര്‍ഷം 40,000 പേര്‍ കൂടുതലായി മരിച്ചു. കോവിഡ് മൂലമുള്ള അണുബാധയും ഈ കാലഘട്ടങ്ങളില്‍ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് പതിവ് പരിശോധനകള്‍ അത്യാവശ്യമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര പരിചരണം ലഭ്യമാകുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.