യു.എസും യൂറോപ്പും തമ്മിൽ ഭാവിയിൽ സമ്പൂർണ സ്വതന്ത്ര വ്യാപാര ബന്ധം ഉണ്ടാവണം : മസ്ക്

വാഷിംങ്ടൺ : ഭാവിയിൽ അമേരിക്കയും യൂറോപ്പും തമ്മിൽ പൂർണ സ്വാതന്ത്ര്യത്തോടെയുള്ള വ്യാപാ ബന്ധം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ടെക് ബില്യണയർ ഇലോൺ മസ്‌ക്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാര പങ്കാളികൾക്ക് താരിഫ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം ആണ് പ്രസ്താവന.
ട്രംപ് പ്രഖ്യാപിച്ച പദ്ധതികൾ പ്രകാരം അമേരിക്കയുമായി വലിയ വ്യാപാര ബന്ധമുള്ള ഇറ്റലിയും മറ്റ് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും 20 ശതമാനം പൊതു താരിഫിന് വിധേയമാകും. യു.എസ് സർക്കാറിന്റെ പൊതുചെലവ് വെട്ടിക്കുറക്കുന്നതിനായി പ്രവർത്തിക്കുന്ന ട്രംപ് ഉപദേഷ്ടാവായ മസ്‌ക്, ഇറ്റലിയിലെ വലതുപക്ഷ പാർട്ടിയുടെ കോൺഗ്രസിൽ ഓൺലൈൻ വഴി സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
‘എന്റെ കാഴ്ചപ്പാടിൽ യൂറോപ്പും അമേരിക്കയും ഒരു സീറോ താരിഫ് സാഹചര്യത്തിലേക്ക് നീങ്ങണമെന്നും, യൂറോപ്പിനും വടക്കേ അമേരിക്കക്കും ഇടയിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല ഫലപ്രദമായി സൃഷ്ടിക്കണമെന്നുമാണ് -മസ്‌ക് പറഞ്ഞു.
‘ആളുകൾ യൂറോപ്പിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ വടക്കേ അമേരിക്കയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ അഭിപ്രായത്തിൽ അവർക്ക് അങ്ങനെ ചെയ്യാൻ അനുവദിക്കണം’ എന്നും മസ്‌ക് പറഞ്ഞു. ഇത് തീർച്ചയായും പ്രസിഡന്റിനുള്ള എന്റെ ഉപദേശമാണെന്നും കൂട്ടിച്ചേർത്തു.
ഇറ്റലിയുടെ വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും അവരുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിയുമായും മുൻകാലങ്ങളിൽ അടുത്ത ബന്ധം പുലർത്തിയിരുന്ന മസ്‌ക്, ഇറ്റാലിയൻ വലതുപക്ഷ നേതാവ് സാൽവിനിയുടെ ലീഗിനും പിന്തുണ അറിയിച്ചിട്ടുണ്ട്.
ക്രമസമാധാനം, നികുതി ഇളവുകൾ, ക്രമരഹിതമായ കുടിയേറ്റത്തിനെതിരെ കർശന നടപടി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു തീവ്ര വലതുപക്ഷ അജണ്ടയാണ് ഇരു ഗ്രൂപുകൾക്കുള്ളത്. സാറ്റലൈറ്റ് ആശയവിനിമയത്തിനുള്ള സംവിധാനം ലഭിക്കുന്നതിന് ഇറ്റലി തന്റെ സ്റ്റാർലിങ്ക് കമ്പനിയെ തിരഞ്ഞെടുക്കണമെന്ന് ലീഗ് മേധാവി സാൽവിനിയോട് കഴിഞ്ഞ മാസം മസ്‌ക് അഭ്യർഥിച്ചിരുന്നു.