മുഴുവന്‍ ദക്ഷിണ സുഡാന്‍ പൗരന്‍മാരുടേയും വിസ യുഎസ് റദ്ദാക്കി

വാഷിങ്ടണ്‍ : അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തിയ പൗരന്മാരെ തിരികെ സ്വീകരിക്കാന്‍ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ആ രാജ്യത്തുനിന്നുള്ള മുഴുവന്‍ ആളുകളുടെയും വിസ റദ്ദാക്കി യുഎസ്. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ നാടുകടത്തുന്ന പൗരന്മാരെ അതതു രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് യുഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു പാലിക്കാത്തവര്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ മുന്നറിയിപ്പു നല്‍കിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാന്‍ ഇതു ലംഘിച്ചതോടെയാണ് നടപടി നേരിടേണ്ടിവന്നത്.
നിലവില്‍ യുഎസ് വിസ കൈവശം വച്ചിരിക്കുന്നവരുടെ വിസ റദ്ദാക്കിയെന്നും ഇനി വിസയ്ക്ക് അപേക്ഷിക്കുന്ന ദക്ഷിണ സുഡാന്‍ പൗരന്മാരുടെ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം വീണ്ടും സഹകരിച്ചാല്‍ ഈ നടപടികള്‍ പുനഃപരിശോധിക്കാന്‍ യുഎസ് തയാറാകുമെന്നും റൂബിയോ വ്യക്തമാക്കി.
2011ല്‍ സുഡാനില്‍നിന്നു വിഘടിച്ച് രൂപീകൃതമായ പുതിയ രാജ്യമാണ് ദക്ഷിണ സുഡാന്‍. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയുടെ ബാക്കിപത്രമായി രാജ്യം ആഭ്യന്തര കലാപം നേരിടുകയാണ്. ഇതുവരെ നാലുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണ സുഡാനിലെ എംബസിയില്‍നിന്ന് അത്യാവശ്യക്കാരല്ലാത്ത ജീവനക്കാര്‍ എത്രയും പെട്ടെന്നു മടങ്ങണമെന്ന് മാര്‍ച്ച് എട്ടിന് യുഎസ് ആവശ്യപ്പെട്ടിരുന്നു.